ശ്രീപത്മനാഭ ക്ഷേത്രത്തിൽ അമൂല്യ നിധിശേഖരമുണ്ടെന്നു കരുതപ്പെടുന്ന ‘ബി നിലവറ’ തുറക്കണമെന്ന് സർക്കാർ പ്രതിനിധി ഭരണസമിതി യോഗത്തിൽ ആവശ്യപ്പെട്ടതോടെ നിധിയെ സംബന്ധിച്ചു ചർച്ചകൾ വീണ്ടുമുയർന്നു. എ, ബി നിലവറകളുള്ളത് ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറ് ഭരതക്കോണിൽ വടക്കോട്ടും കിഴക്കോട്ടും തുറക്കുന്ന രീതിയിലാണ്. ശ്രീപത്മനാഭസ്വാമിയുടെ ശിരസ്സിന്റെ ഭാഗത്താണിവ.
ക്ഷേത്രത്തിലുള്ളത് അമൂല്യ നിധിശേഖരമുണ്ടെന്നു വിശ്വസിക്കുന്ന ഈ നിലവറകൾ ഉൾപ്പെടെ 6 നിലവറകളാണ്. സുപ്രീം കോടതിയുടെ അറകളിലെ സുക്ഷിപ്പുകളുടെ കണക്ക് എടുക്കണമെന്ന നിർദേശത്തെ തുടർന്ന് 2011 ജൂണിൽ ബി നിലവറ ഒഴികെയുള്ളവ തുറന്നിട്ടുണ്ട്. ഒറ്റക്കൽ മണ്ഡപത്തിൻ്റെ 2 വശങ്ങളിലായി നിത്യപൂജയ്ക്കുള്ള സാധനങ്ങൾ സൂക്ഷിക്കുന്ന ഇ, എഫ് നിലവറകൾ എന്നും തുറക്കുന്നവയാണ്.
ബി നിലവറ ഒന്നര നൂറ്റാണ്ടിലേറെയായി തുറന്നിട്ടില്ലെന്ന് വിശ്വസിക്കുന്ന അറയാണ് . എങ്കിലും 1990, 2002 വർഷങ്ങളിലായി 7 തവണ ഈ നിലവറ തുറന്നെന്ന് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഓഡിറ്റർ വിനോദ് റായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഈ നിലവറയുടെ ആദ്യത്തെ അറ മാത്രമേ തുറന്നിട്ടുള്ളൂവെന്നും അതിനുള്ളിലെ മറ്റൊരു വാതിൽ തുറന്നതായി ഓർമയുള്ള ആരും ഈ തലമുറയിൽ ജീവിച്ചിരിപ്പില്ലെന്നും രാജകുടുംബാംഗങ്ങൾ അന്നു വ്യക്തമാക്കിയിട്ടുണ്ട്.
ശ്രീകോവിലിന് വടക്കുവശത്ത് സരസ്വതീകോണിലുള്ള നിലവറ ഏറക്കുറെ ശൂന്യമാണെന്നാണ് നിഗമനം. മിത്രാനന്ദപുരം കുളത്തിന്റെ ശുചീകരണവും ജീവനക്കാരുടെ സ്ഥിരപ്പെടുത്തലും മുറജപവും വിഗ്രഹത്തിലെ അറ്റകുറ്റപ്പണികളും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചചെയ്യാനാണ് ഇന്നലെ സംയുക്ത യോഗം നടന്നത്.