ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ചരിത്രം കുറിച്ച് കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിൻ്റെ സംസ്കാരം ഇന്ന്. കുഞ്ഞിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം വൈകിട്ട് 3.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ നടക്കും. ആലിൻ്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന് ​ഗാർഡ് ഓഫ് ഓണർ നൽകിയാണ് കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് യാത്രയാക്കിയത്.

പത്ത് മാസം പ്രായമുള്ള ആലിൻ്റെ അവയവങ്ങൾ അഞ്ച് കുഞ്ഞുങ്ങൾക്കാണ് പുതുജീവിതമേകുന്നത്. ഹൃദയവാൽവ്, കരൾ, രണ്ട് വൃക്ക, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഫെബ്രുവരി അഞ്ചിന് കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ആലിൻ ഷെറിന് കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിൻ്റെയും ഷെറിൻ ആൻ ജോണിൻ്റെയും മകളാണ് ആലിൻ.

Related Posts