ബെംഗളൂരുവിൽ മലയാളിയുടെ ക്രൂരമർദ്ധനത്തിന് ഇരയായ 47കാരി അതീവഗുരുതരാവസ്ഥയിൽ. വാടാനപ്പള്ളി പത്താംകല്ല് സ്വദേശിനി സുനിതയ്ക്കാണ് ക്രൂരമർദ്ധനമേറ്റത്. തെരുവുനായ്ക്കൾക്കായി ഷെൽട്ടർ ഹോം നടത്തുന്ന ബെംഗളൂരു മലയാളി ദീപക് കൃഷ്ണൻ ആണ് സുനിതയെ അതിക്രൂരമായി മർദിച്ചത്. തലച്ചോറിന് ഗുരുതര പരിക്കേറ്റ സുനിത അബോധാവസ്ഥയിൽ ആവുകയായിരുന്നു. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രി വെന്റിലേറ്ററിലാണ് സുനിത ഇപ്പോൾ ഉള്ളത്. ‘അവളുടെ കഴുത്തിന് നല്ലപോലെ കൊടുത്തിട്ടുണ്ട്. ചത്ത് കഴിഞ്ഞാൽ നോക്കാം’ എന്നായിരുന്നു ദീപക്കിൻ്റെ ഓഡിയോ സന്ദേശം. തലച്ചോറിന് ഗുരുതര പരിക്കേറ്റ സുനിത അബോധാവസ്ഥയിൽ ആയെന്നും ഇനി ഒന്നും ചെയ്യാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി സുനിതയുടെ ഭർത്താവ് സിന്റോ പറഞ്ഞു.
സംഭവത്തിൽ സുനിതയെ താൻ മർദിച്ചു എന്ന് സമ്മതിക്കുന്ന തെരുവുനായ്ക്കളെ പരിപാലിക്കുന്ന ഷെൽട്ടർ ഹോമിൻ്റെ ഉടമ ദീപക് കൃഷ്ണയുടെ ഓഡിയോ സന്ദേശം പുറത്ത് വന്നിട്ടുണ്ട്. ഈ മാസം മൂന്നിനാണ് സംഭവം നടന്നത്. സുനിതയും ഒപ്പമുള്ള രണ്ട് യുവതികളും ബെംഗളൂരുവിലെ സുലിബലയിൽ എത്തിയത് ഷെൽട്ടർ ഹോമിലെ ജോലിക്ക് വേണ്ടിയാണ്.
ദീപക് കൃഷ്ണൻ്റെ മദ്യപാനവും പെരുമാറ്റത്തിലെ ചില പ്രശ്നങ്ങളും സുനിതയെയും മറ്റുള്ളവരെയും ഏറെ അസ്വസ്ഥതപെടുത്തിയിരുന്നു. സുനിത ജോലി നിർത്തി പോകുകയാണെന്ന് പറഞ്ഞതാണ് ദീപക്കിനെ പ്രകോപിപ്പിച്ചത്. കൂടുതൽ പണം നൽകാം എന്ന് പറഞ്ഞെങ്കിലും സുനിത അതിനൊന്നും സമ്മതിച്ചിരുന്നില്ല.
തൃശ്ശൂർ ഈസ്റ്റ് പൊലീസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.