ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യക്ക് ഏ‍ഴ് വിക്കറ്റിൻ്റെ ആധികാരിക വിജയം. 128 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് അഭിഷേക് ശര്‍മ വെടിക്കെട്ട് തുടക്കം നല്‍കി. ഇന്ത്യയ്ക്ക് ഗില്ലിനെ തുടക്കത്തില്‍തന്നെ നഷ്ടമായി എങ്കിലും 13 പന്തില്‍ 31 റണ്‍സ്‌ നേടി അഭിഷേക് നല്ല തുടക്കം കുറിച്ചു. അഭിഷേക് ശര്‍മ പുറത്തായതോടെ സംയമനത്തോടെ ബാറ്റ് വീശിയ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും, തിലക് വര്‍മയും സ്കോര്‍ ബോര്‍ഡ് പതുക്കെ മുന്നോട്ട് ചലിപ്പിച്ചു. ടീം സ്കോര്‍ 97 ല്‍ എത്തിയപ്പോള്‍ 31 റണ്‍സെടുത്ത തിലക് വര്‍മ പുറത്തായി. ഇടവേളക്ക് ശേഷം ഗിയര്‍ മാറ്റിയ സൂര്യകുമാര്‍ യാദവ് ശിവം ദൂബയെ കൂട്ടുപിടിച്ച് ടീമിനെ വിജയത്തോടടുപ്പിക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത പാകിസ്ഥാനെ ഇന്ത്യ 127 റൺസിൽ എറിഞ്ഞൊതുക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഹര്‍ദിക് പാണ്ഡ്യ സയിം അയൂബിനെ ബൂംറയുടെ കൈകളിലെത്തിച്ച് പാകിസ്ഥാൻ ബാറ്റിങ് നിരയ്ക്ക് ആദ്യ പ്രഹരം നല്‍കി. പിന്നാലെ മുഹമ്മദ് ഹാരിസിനെ ബൂറയും പുറത്താക്കി. ആദ്യമേറ്റ പ്രഹരത്തില്‍ നിന്ന് പിന്നീട് കരകയറാൻ പാകിസ്ഥാന് സാധിച്ചില്ല. ഫകർ സമാനും സാഹിബ്സാദ ഫർഹാനും 39 റണ്‍സിൻ്റെ കൂട്ടുകെട്ട് സൃഷ്ടിച്ച് പാകിസ്ഥാനെ പവര്‍പ്ലേ കടത്തിയെങ്കിലും അക്സര്‍പട്ടേല്‍ ആ കൂട്ടുകെട്ടും തകര്‍ത്തു. 83ന് ഏ‍ഴ് എന്ന നിലയിൽനിന്ന് പാകിസ്ഥാനെ അവസാന ഓവറുകളിൽ ഷഹീൻ അഫ്രീദി നടത്തിയ വെടിക്കെട്ടാണ് 127 റണ്‍സിലെത്തിച്ചത്.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് നേടി. ജസ്പ്രീത് ബൂംറയും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീ‍ഴ്ത്തി. ഹര്‍ദിക് പാണ്ഡ്യയും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റുകളും നേടി.

Related Posts