സമന്വയ എജുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് യശ്വന്തപുരം സ്ഥാനീയ സമിതി, മൈത്രി മാതൃ സമിതി, അഭിമന്യു ബാലഗോകുലം എന്നിവയുടെ നേതൃത്വത്തിൽ ശോഭായാത്രയും അനുബന്ധ ഭക്തിപരിപാടികളും സംഘടിപ്പിച്ചു.
മത്തിക്കരെ എസ്.ബി.എം. കോളനിയിലെ ദക്ഷിണാഭിമുഖ ഗണേശക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശോഭയാത്ര, കൃഷ്ണൻ, രാധ, ഗോപ – ഗോപികാദി കഥാപാത്രങ്ങളായി വേഷം ധരിച്ച ബാലിക ബാലന്മാരുടെ സാന്നിധ്യത്തിലും, താലപ്പൊലി – വാദ്യമേളങ്ങളുടെ ഘോഷത്തിലും, ഭക്തിസംഗീതത്തിൻ്റെ ഭംഗിയിലും ഭക്തിസാന്ദ്രമായി. യാത്ര മത്തിക്കെരെ ജംഗ്ഷനിലൂടെ സഞ്ചരിച്ചു മുത്യാലമ്മ നഗർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിച്ചു. ശോഭയാത്രയ്ക്ക് ശേഷം ഭജന, ഉറിയടി, നൃത്താവതരണങ്ങൾ, പ്രസാദവിതരണം, പങ്കെടുത്ത കുട്ടികള്ക്ക് പ്രോത്സാഹന സമ്മാന വിതരണം തുടങ്ങിയ പരിപാടികളും നടന്നു.
……………………………
കർണാടക നായർ സർവീസ് സൊസൈറ്റി ദാസറഹള്ളി കരയോഗത്തിൻ്റെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷം വിപുലമായ പരിപാടികളോടുകൂടി ആഘോഷിച്ചു. പീതാംബരികളായ ഉണ്ണിക്കണ്ണൻമാർ, രാധാകൃഷ്ണ വേഷങ്ങൾ, ഭാരത് മാതാ, പുണ്യപുരാണ വേഷങ്ങൾ, പുഷ്പാലങ്കൃത രഥം, ശിങ്കാരിമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടുകൂടി സന്തോഷനഗറിൽ മന്നം സദനത്തിൽ നിന്നും ആരംഭിച്ച അഷ്ടമിരോഹിണി യാത്ര രാത്രി 7 മണിയോടുകൂടി ജലഹള്ളി ശ്രീ അയ്യപ്പൻ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു. ഉണ്ണിക്കണ്ണൻമാരുടെ ഉറിയടി, പ്രസാദ വിതരണം എന്നിവ നടന്നു.

…………………………….
സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സംഘടിപ്പിച്ചു. രഥം, വിവിധ കൃഷ്ണ ഗോപിക വേഷങ്ങൾ, നൃത്തരൂപങ്ങൾ, ഉറിയടി, പ്ലോട്ടുകൾ എന്നിവ ശോഭായാത്രയോടനുബന്ധിച്ചു നടന്നു.

……………………………
രാമചന്ദ്രപുര – ഗംഗമ്മ ടെംപിൾ ഏരിയ ശ്രീ അയ്യപ്പ സേവാസമിതിയുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭായാത്ര സംഘടിപ്പിച്ചു. 9 മണിക്ക് രാമചന്ദ്രപുര ശ്രീ മുനേശ്വര ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര ആരംഭിച്ചു. ഘോഷയാത്രയോടനുബന്ധിച്ചു കൃഷ്ണ-ഗോപിക വേഷം, ഉറിയടി എന്നിവ ഉണ്ടായിരുന്നു.
