മൈസൂർ കേരള സമാജത്തിൻ്റെ ഓണം 2026-ൻ്റെ ഭാഗമായി മൂന്ന് ദിവസത്തെ വിപുലമായ ഓണച്ചന്തക്ക് തുടക്കമായി. ആഗസ്റ്റ് 23 മുതൽ 25 വരെ 2026 (ഞായർ മുതൽ ചൊവ്വ വരെ) വിജയനഗർ കേരള സമാജം കമ്മ്യൂണിറ്റി സെന്ററിൽ വെച്ചാണ് ഓണച്ചന്ത നടക്കുന്നത്.

ഓണച്ചന്തയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് സമാജം പ്രസിഡണ്ട് ബാസ്റ്റ്യൻ ജോസഫ്, മുൻ പ്രസിഡണ്ട് മൊയ്തീൻ. പി, ജനറൽ സെക്രട്ടറി എ.ആർ ജോസഫ് , കൺവീനർ മുഹമ്മദ്. എം, കമ്മിറ്റി മെംബര്‍മാർ സമാജം അംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മെെസൂർ പോലീസ് സുപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി IPS നിർവ്വഹിച്ചു.

കേരളത്തിൻ്റെ തനത് രുചികളും സംസ്കാരവും പാരമ്പര്യവും മൈസൂരിലെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കേരളീയ പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾ, കൈത്തറി-വസ്ത്രങ്ങൾ, കരകൗശല ഉൽപ്പന്നങ്ങൾ, ഓണം അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഓണച്ചന്തയിൽ ഒരുക്കിയിട്ടുണ്ട്.

കേരളീയ കൈത്തറി-വസ്ത്രങ്ങളുടെ വിപുലമായ ശേഖരം
സാരികൾ, സെറ്റ് മുണ്ട്, ദാവണി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള വിവിധതരം വസ്ത്രങ്ങൾ, ജെന്റ്സ് മുണ്ട് & ഷർട്ട്, ലുങ്കി, ബെഡ്ഷീറ്റ്, ടവൽ, പട്ടുപാവാട, ബ്ലൗസ് പീസുകൾ, ഫ്രോക്ക്, ചുരിദാർ, കുട്ടികളുടെ പട്ടുപാവാട, കുട്ടിമുണ്ട് തുടങ്ങിയ കേരളീയ പരമ്പരാഗത വസ്ത്രങ്ങളുടെ വൈവിധ്യമാർന്ന ശേഖരം ഒരുക്കിയിട്ടുണ്ട്.

കേരളത്തിൻ്റെ തനത് രുചികൾ
വാഴക്കായ ചിപ്സ്, ശർക്കരവരട്ടി, അച്ചപ്പം, പയ്യോളി മിക്സ്ചർ, അരി മുറുക്ക്, തക്കാളി മുറുക്ക്, എള്ളുണ്ട, ഉണ്ണിയപ്പം, നേന്ത്രപ്പഴം, പച്ചക്കായ, കാന്താരി മുളക്, വിവിധതരം കേരളീയ പച്ചക്കറികൾ എന്നിവയും ലഭ്യമാകും.

കൂടാതെ വാഴയില, വാഴക്കുളം കൈതച്ചക്ക, തൊടുപുഴ ചേന, മറയൂർ ശർക്കര, തൊടുപുഴ കപ്പ,കോഴിക്കോട് ഹൽവയുടെ വിവിധ ഇനങ്ങൾ, കേരള പപ്പടം,തെെര് കൊണ്ടാട്ടം,വിവിധ പരമ്പരാഗത കേരളീയ കരകൗശല ഉൽപ്പന്നങ്ങൾ എന്നിവയും ഓണച്ചന്തയുടെ പ്രത്യേകതകളാണ്.

മൂന്ന് ദിവസങ്ങളിലും വിവിധതരം കേരളീയ പരമ്പരാഗത പായസങ്ങളും ലഭിക്കുന്നതാണ്.

ആഗസ്റ്റ് 23, 24, 25 തീയതികളിൽ രാവിലെ 9.30 മുതൽ രാത്രി 9.00 വരെയാണ് ഓണച്ചന്ത പ്രവർത്തിക്കുന്നത്.

മൈസൂരും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളെയും കുടുംബസമേതം ഓണച്ചന്ത സന്ദർശിച്ച് കേരളത്തിൻ്റെ തനത് രുചികളും കൈത്തറി പാരമ്പര്യവും സാംസ്കാരിക പൈതൃകവും ഓണത്തിൻ്റെ ആഘോഷഭാവവും അനുഭവിച്ചറിയാൻ മൈസൂർ കേരള സമാജം സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.


കൂടുതല്‍ വിവരങ്ങൾക്ക്- 8197444444, 8088889288, 9741831619, 9845471355

Related Posts