ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചു. ന്യൂസിലന്‍ഡ് മുന്നില്‍ വച്ച 252 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 83 പന്തില്‍ 76 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ വിജയശില്പി.
ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 105 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഗില്‍ 50 പന്തില്‍ 31 റണ്‍സ് നേടി. ഒരു റണ്‍സ് കൂടി നേടിയപ്പോള്‍ ഇന്ത്യക്ക് ഒരു വിക്കറ്റ് കൂടി നഷ്ടമായി. വിരാട് കോഹ്‌ലി രണ്ടാം പന്തില്‍ ഒരു റണ്‍സുമായി മടങ്ങി. രോഹിത് ശര്‍മയും ശ്രേയസ് അയ്യരും പിന്നീട് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. മൂന്ന് സിക്‌സറുകളും ഏഴ് ബൗണ്ടറുകളും നേടി രോഹിത് ഏറെക്കാലത്തിന് ശേഷം സ്വതസിദ്ധമായ ശൈലിയില്‍ തിരിച്ചെത്തി. നിര്‍ണായക മല്‍സരത്തിലെ രോഹിതിൻ്റെ ഇന്നിങ്‌സ് വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ്.
ശ്രേയസ് അയ്യര്‍ 48 റണ്‍സ് നേടി ടൂര്‍ണമെന്റില്‍ ഉടനീളമുള്ള മികവ് ഫൈനലിലും ആവര്‍ത്തിച്ചു. രോഹിത് പുറത്തായ ശേഷമെത്തിയ അക്‌സര്‍ പട്ടേല്‍ 29 റണ്‍സ് നേടി. ഹാര്‍ദിക് പാണ്ഡ്യ 18 റണ്‍സുമായി പുറത്തായി.
ഡാരില്‍ മിച്ചല്‍ 63, മിഷേല്‍ ബ്രേസ്‌വെല്‍ 53, രച്ചിന്‍ രവീന്ദ്ര 37, ഗ്ലെന്‍ ഫിലിപ്‌സ് 34 എന്നിവരാണ് കിവികളുടെ പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.