കോഴിക്കോട് താമരശേരിയിൽ പൊലീസിനെ ഭയന്ന് കയ്യിലുണ്ടായിരുന്ന എംഡിഎംഎ പായ്ക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. പൊലീസിനെ കണ്ടതോടെ ഇയാൾ പൊതി വിഴുങ്ങുകയായിരുന്നു. എംഡിഎംഎ ആണ് വയറ്റിലായത് പ്രതി വെളിപ്പെടുത്തിയതോടെ പൊലീസുകാർ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്ടെത്തിയിരുന്നു.
താമരശേരിയിൽ വെച്ച് ഇന്നലെയാണ് കയ്യിലൊരു പൊതിയുമായി ഷാനിദിനെ സംശയാസ്പദമായ രീതിയിൽ പൊലീസ് കാണുന്നത്.പൊലീസിനെ കണ്ടതോടെ ഓടാൻ ശ്രമിച്ച ഇയാൾ കയ്യിലുണ്ടായിരുന്ന പൊതി വിഴുങ്ങുകയും ചെയ്തു. പൊലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടിയപ്പോഴാണ് എംഡിഎംഎ അടങ്ങിയ പൊതി വിഴുങ്ങിയ വിവരം പൊലീസിനോട് പറഞ്ഞത്.
തുടർന്ന് പൊലീസ് ഇയാളെ താരമശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. എൻഡോസ്കോപ്പി പരിശോധനയിൽ രണ്ട് പൊതികളാണ് കണ്ടെത്തിയത്. പൊതിക്കുള്ളിലുണ്ടായിരുന്ന വെളുത്ത തരികൾ എംഡിഎംഎ ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിനുമുൻപും ഇയാൾക്കെതിരെ ലഹരിക്കേസുകൾ ചുമത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.