മൊബൈലിൽ ഗെയിം കളിക്കുന്നതു ചോദ്യം ചെയ്തതിന് അച്ഛനെയും സഹോദരിയെയും 18 വയസ്സുകാരൻ കഴുത്തറത്തു കൊന്നു. കർണാടകയിലെ കൊപ്പാൾ ഗംഗാവതിയിലെ ഹൊസ അയോധ്യ ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണു വെങ്കട്ട നായിഡു (45), മകൾ പ്രഗതി (19) എന്നിവർ കൊല്ലപ്പെട്ടത്. വെങ്കട്ടയുടെ ഭാര്യ സൗജന്യ (40)യെ ഗുരുതര പരുക്കുകളോടെ ബെള്ളാരി വിംസ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. മകൻ സായി വെങ്കട്ട മാനിദീപിനെ ഗംഗാവതി പൊലീസ് അറസ്‌റ്റ് ചെയ്തു. കൊലപാതകത്തിനു ശേഷം മുറിയിൽ കയറി വാതിലടച്ച് ഇരുന്ന സായി പൊലീസ് എത്തിയതോടെ കുറ്റം ഏറ്റുപറയുകയായിരുന്നു.

രാത്രി ഒന്നിച്ചു ഭക്ഷണം കഴിക്കാൻ വെങ്കട്ട നായിഡു മകനെ വിളിച്ചെങ്കിലും വരാതിരുന്നതോടെ മൊബൈലിൽ സ്ഥിരമായി ഗെയിം കളിക്കുന്നതു ചോദ്യം ചെയ്തു. ഇതിൽ പിണങ്ങി മുറിയിൽ കയറി വാതിലടച്ച സായി മറ്റുള്ളവർ ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം കത്തിയെടുത്തു 3 പേരുടെയും കഴുത്തരുക്കുകയായിരുന്നു. പ്രഗതി തൽക്ഷണം മരിച്ചു. ആശുപ്രതിയിലേക്കു കൊണ്ടു പോകും വഴിയാണ് വെങ്കട്ട മരിച്ചത്. വെങ്കട്ടയുടെ പിതാവ് താത്തറാവു പുറത്തേക്ക് ഓടി രക്ഷപ്പെടുകയും ഇയാളുടെ നില വിളി കേട്ട് നാട്ടുകാർ ഓടിയെത്തുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

Related Posts