ബെംഗളൂരു എച്ച്.എ.എൽ. പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ്റെ ഭാര്യയെ കെ.ആർ.പുരയിലെ പോലീസ് ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തി. കോൺസ്റ്റബിളായ രാജേഷ് ആരാധ്യയുടെ ഭാര്യ ലക്ഷ്മിപ്രിയ(26)യെയാണ് പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭർത്താവിൻ്റെയും ഭർതൃവീട്ടുകാരുടെയും ഗാർഹിക-സ്ത്രീധന പീഡനമാണ് മരണത്തിന് കാരണമെന്ന് ലക്ഷ്മിപ്രിയയുടെ കുടുംബം ആരോപിച്ചു. യുവതിയുടെ കുടുംബത്തിൻ്റെ പരാതിയിൽ ഭർത്താവിനും ഭർതൃമാതാപിതാക്കൾക്കും എതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ലക്ഷ്മിപ്രിയ ഇളയസഹോദരിയുമായി വാട്സാപ്പിൽ സംസാരിക്കുകയും തൻ്റെ മൊബൈൽ ഫോണിൻ്റെ പാസ്വേർഡ് സഹോദരിക്ക് വാട്സാപ്പിൽ അയച്ചുനൽകുകയും ചെയ്തിരുന്നു. പിന്നീട് ലക്ഷ്മിപ്രിയയെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഭർത്താവായ രാജേഷിനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയും വീട്ടിലെത്തിയ രാജേഷാണ് ലക്ഷ്മിപ്രിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചതായും രാജേഷ് പറഞ്ഞു.
2023ൽ മൈസൂരുവിൽവെച്ചാണ് രാജേഷും ലക്ഷ്മിപ്രിയയും വിവാഹിതരായത്.
വിവാഹത്തിനുശേഷം ഭർത്താവും ഭർതൃമാതാപിതാക്കളും ലക്ഷ്മിപ്രിയയെ സ്ത്രീധനത്തെച്ചൊല്ലിനിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. എട്ടുമാസം മുൻപാണ് ലക്ഷ്മിപ്രിയ പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവം കഴിഞ്ഞ് ആറുമാസത്തോളം സ്വന്തം വീട്ടിലായിരുന്നു. പിന്നീട് രാജേഷിനൊപ്പം പോലീസ് ക്വാർട്ടേഴ്സിൽ താമസം ആരംഭിച്ചത്.