ആരോഗ്യമന്ത്രി വീണ ജോർജിനെ ആക്രമിക്കുന്നതിന്റെ വീഡിയോ ഹാജരാക്കിയാൽ സമ്മാനമായി ഒരു പവൻ സ്വർണ്ണം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി. കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയെ ആക്രമിച്ചു എന്നു പറയുന്ന വിഡിയോ തെളിവ് ഹാജരാക്കിയാൽ ആർക്കും നേടാം ഒരു പവൻ സ്വർണ്ണം എന്നാണ് പോസ്റ്ററിൽ പറയുന്നത്.
വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിക്കുന്നതായി ഇതുവരെ പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളിൽ കണ്ടെത്താൻ സാധിച്ചില്ല. സംഭവം റെയിൽവേ പ്ലാറ്റ്ഫോമിൽ നടന്നതിനാൽ റെയിൽവേ പോലീസാണ് കേസ് അന്വേഷിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ റെയിൽവേ പോലീസ് പരിശോധിച്ചെങ്കിലും ആക്രമിക്കുന്നതായി കണ്ടെത്താൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ട്.
മറ്റു വീഡിയോ ദൃശ്യങ്ങളിലും ആക്രമിക്കുന്നതായി കണ്ടെത്തിയില്ല. വീണാ ജോർജിന്റെ അടുത്ത് കറുത്ത തുണിയുമായി എത്തിയെന്ന രീതിയിൽ ഒരു വിഡിയോ ദൃശ്യം പ്രചരിച്ചിരുന്നു. എന്നാൽ ഇത് കരിനീല വസ്ത്രം ധരിച്ച മന്ത്രിയുടെ ഗൺമാൻ ആണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.