ഗ്രൂപ്പ് എച്ചിലെ നിർണായക മത്സരത്തിൽ സൗദി അറേബ്യയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് സ്പെയിൻ ലോകകപ്പിൽ ശക്തമായ തിരിച്ചുവരവ് നടത്തി. യുവതാരം ലമീൻ യമാലിൻ്റെയും മിഷേൽ ഒയാർസബാലിൻ്റെയും മിന്നുന്ന പ്രകടനമാണ് സ്പാനിഷ് ടീമിന് അനായാസ ജയം സമ്മാനിച്ചത്.
മത്സരത്തിൻ്റെ പത്താം മിനിറ്റിൽ തന്നെ യമാൽ ഗോൾവല കുലുക്കി സ്പെയിനിന് ലീഡ് നൽകി. ആദ്യ മത്സരത്തിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഒയാർസബാൽ പിന്നീട് ഇരട്ടഗോളുകൾ നേടി ടീമിൻ്റെ വിജയം ഉറപ്പിച്ചു. മറ്റൊരു ഗോൾ കൂടി നേടിയ സ്പെയിൻ സൗദിക്ക് ഒരു ഘട്ടത്തിലും തിരിച്ചുവരാനുള്ള അവസരം നൽകിയില്ല.
ആദ്യ മത്സരത്തിൽ കേപ് വെർഡെയോട് സമനില വഴങ്ങിയതിൻ്റെ നിരാശ മാറ്റാനിറങ്ങിയ സ്പെയിൻ തുടക്കം മുതൽ ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. ഉറുഗ്വെയെ സമനിലയിൽ തളച്ച ആത്മവിശ്വാസത്തിൽ ഇറങ്ങിയ സൗദി അറേബ്യക്ക് സ്പാനിഷ് ആക്രമണങ്ങൾക്ക് മുന്നിൽ മറുപടി കണ്ടെത്താനായില്ല.
ഈ തകർപ്പൻ വിജയത്തോടെ സ്പെയിൻ നോക്കൗട്ട് പ്രതീക്ഷകൾ ശക്തമാക്കിയപ്പോൾ, സൗദി അറേബ്യയുടെ മുന്നേറ്റ സാധ്യതകൾക്ക് തിരിച്ചടിയായി.
…………………………………….
ഗ്രൂപ്പ് ജിയിലെ ഇറാനും ബെൽജിയവും തമ്മിലുള്ള മത്സരം സമനിലയിൽ. 90 മിനിറ്റും ഇരുടീമുകളും പോരടിച്ചെങ്കിലും ആർക്കും വലകുലുക്കാനാവാതെ വന്നതോടെ ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. ഇരുടീമുകളുടെയും രണ്ടാമത്തെ സമനിലയാണിത്.
ആക്രമണ പ്രത്യാക്രമണങ്ങളാൽ നിറഞ്ഞുനിന്ന മത്സരത്തിൽ 67-ാം മിനിറ്റിൽ ബെൽജിയം താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചെങ്കിലും ഇറാൻ പ്രതിരോധത്തെ വിറപ്പിച്ച പ്രകടമനായിരുന്നു ബെൽജിയത്തിന്റേത്. ആക്രമണ ഫുട്ബോൾ കഴ്ചവച്ച റൊമേലു ലുക്കാക്കുവും കെവിൻ ഡിബ്രുയിനും ലിയാൻഡ്രോ ട്രൊസാർഡും ആദ്യ 20 മിനിറ്റിനുള്ളിൽതന്നെ നിരവധി അവസരങ്ങൽ സൃഷ്ടിച്ചെങ്കലും ഗോൾ മാത്രം അകന്നുനിന്നു.
അവസരങ്ങൾ പാഴാക്കാതെ ഇറാനും കളിയിൽ മുന്നേറ്റങ്ങൾ നടത്തിയിരുന്നു. 26-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽനിന്ന് ഇറാൻ വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ്സൈഡാണെന്ന് തെളിഞ്ഞതോടെ ഗോൾ നിഷേധിച്ചു.