എബോള രോഗബാധ സംശയത്തെ തുടർന്ന് വിദേശ വനിതയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രത്യേക നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ദക്ഷിണ സുഡാനിൽ നിന്നെത്തിയ 52-കാരിയാണ് ചികിത്സയിൽ കഴിയുന്നത്.

ദക്ഷിണ സുഡാനിൽ നിന്ന് ഉഗാണ്ട വഴി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവർക്ക് ഛർദി ഉൾപ്പെടെയുള്ള എബോളയെ അനുസ്മരിപ്പിക്കുന്ന ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് ജാഗ്രത സ്വീകരിച്ചത്.

ആദ്യം പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ പിന്നീട് കൂടുതൽ പരിശോധനകൾക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ പ്രത്യേക ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്.

രോഗിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി വിദഗ്ധ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രോഗനിർണയത്തിനായുള്ള പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതുവരെ കർശന നിരീക്ഷണം തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Related Posts