സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം 5 ആക്കുന്നത് സംബന്ധിച്ച് വീണ്ടും സർവീസ് സംഘടനകളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി. വെളിയാഴ്ച രാവിലെ 10 മണിക്ക് ഓൺലൈനിലാണ് യോഗം നടക്കുക. നേരത്തെ മാറ്റിവച്ചതായിരുന്നു യോഗം. അതാണ് ഇപ്പോൾ ചേരുന്നത്. ഓരോ സംഘടനയിൽ നിന്നും ഒരു പ്രതിനിധിയെ പങ്കെടുപ്പിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നിർദേശം.

ഓഫീസുകളുടെ പ്രവൃത്തിദിനം 6 ൽ നിന്ന് അഞ്ചാക്കണമെന്ന് ശമ്പള കമ്മിഷനും ഭരണ പരിഷ്കാര കമ്മീഷനും ശുപാർശ ചെയ്തിരുന്നു പകരം ഒരു മണിക്കൂർ ജോലിസമയം കൂട്ടണമെന്നാണ് നിർദ്ദേശം. ഒരു മണിക്കൂർ ജോലി കൂട്ടുന്നതിനെ സർവീസ് സംഘടനകൾ എതിർക്കുന്നില്ല. അതേസമയം പൊതുഅവധി ദിനങ്ങൾ കുറയ്ക്കണമെന്ന നിർദ്ദേശത്തോടാണ് സംഘടനകൾ എതിർപ്പ് ശക്തമാക്കുന്നത്.

മാസത്തിലെ രണ്ടാം ശനിക്കൊപ്പം നാലാം ശനി കൂടി അവധിയാക്കുന്നതിനെ കുറിച്ച് മുമ്പ് ആലോചനയുണ്ടായിരുന്നു. എന്നാൽ ജീവനക്കാരുടെ കാഷ്വൽ ലീവ് കുറയുമെന്ന നിർദേശം വച്ചതോടെ സംഘടനകൾ എതിർത്തു. ഇതിൽ നിന്ന് വ്യത്യസ്തമായി എല്ലാ ശനിയും ഞായറും അവധിയാക്കും വിധമാണ് പുതിയ ശുപാർശ.

Related Posts