പിലിക്കുള ബയോളജിക്കൽ പാർക്കിലെ നിലവിലുള്ള കെടുകാര്യസ്ഥതയിൽ കർണാടക ഹൈകോടതിക്ക് കടുത്ത അതൃപ്‌തി. മൃഗങ്ങളെ ശരിയായി പരിപാലിക്കാൻ അധികാരികൾക്ക് കഴിയുന്നില്ലെങ്കിൽ ബയോളജിക്കൽ പാർക്ക് ഉടൻ അടച്ചുപൂട്ടണമെന്ന് സംസ്ഥാന സർക്കാറിന് കർശന മുന്നറിയിപ്പ് നൽകി.
മംഗളുരുവിലെ വന്യജീവി സംരക്ഷകനായ ഭുവൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി നിരീക്ഷണം നടത്തിയത്. മൃഗങ്ങളുടെ അവസ്ഥ ഗൗരവമായെടുത്ത കോടതി, ശരിയായ പരിചരണവും സംരക്ഷണവും ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ ബയോളജിക്കൽ പാർക്ക് ഉടൻ അടച്ചുപൂട്ടണമെന്ന് പറഞ്ഞു. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി നാളേക്ക് മാറ്റിവെച്ചിട്ടുണ്ട്.