മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറന്നേക്കുമെന്ന് റിപ്പോർട്ട്. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുകയാണെങ്കിൽ ഡാം തുറക്കുമെന്ന് ജില്ലാ അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഉടുമ്പഞ്ചോല, കാഞ്ചിയാർ ആനവിലാസം എന്നിവിടങ്ങളിൽ നിന്ന് 883 കുടുംബങ്ങളിലെ 3,220 പേരെ മാറ്റി താമസിപ്പിക്കാനാണ് നീക്കം.

ഇവരെ വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് മുൻപ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരി റവന്യൂ, പോലീസ് അധികാരികൾക്ക് നിർദേശം നൽകി. തമിഴ്നാടിനോട് പകൽ സമയത്ത് മാത്രമേ ഷട്ടറുകൾ തുറക്കാവൂവെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി. കനത്ത ജാ​ഗ്രതാ നിർദ്ദേശമാണ് പെരിയാറിൻ്റെ തീരത്ത് നൽകിയിരിക്കുന്നത്.

ഡാമിലെ ജലനിരപ്പ് വെള്ളിയാഴ്ച 4 മണിവരെ 135.25 അടി എത്തിയിരുന്നു. മഴ തുടർന്നാൽ ജലനിരപ്പ് ഇനിയും ഉയരും. പ്രദേശത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇരുപതിലധികം ക്യാമ്പുകൾ ഇത്തരത്തിൽ മാറുന്ന ജനങ്ങൾക്കായി സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

Related Posts