തിരുവനന്തപുരം വിഴിഞ്ഞത്ത് ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം പൊടിയണിവിള വീട്ടിൽ അഭിലാഷിൻ്റെ ഭാര്യ വിഘ്നേശ്വരി (27) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് അഭിലാഷിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ വിഘ്നേശ്വരിയെ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വൈകിട്ട് വീട്ടിലെത്തിയ ഭർതൃപിതാവ് വീട് പൂട്ടിയ നിലയിൽ കണ്ടതിനെ തുടർന്ന് പലതവണ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് അയൽവാസിയുടെ സഹായത്തോടെ ജനൽച്ചില്ല് തകർത്ത് അകത്ത് നോക്കിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
നാഗർകോവിൽ സ്വദേശികളായ നാഗരാജൻ–കല ദമ്പതികളുടെ മകളാണ് വിഘ്നേശ്വരി. രണ്ട് വർഷം മുൻപാണ് വിവാഹം നടന്നത്. കുട്ടികളില്ലാത്തതിൻ്റെ മാനസിക വിഷമം യുവതിക്കുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അതേസമയം, ഭർതൃവീട്ടിൽ യുവതി മാനസിക പീഡനത്തിന് ഇരയായിരുന്നുവെന്നാണ് സഹോദരൻ്റെ ആരോപണം.
സംഭവത്തിൻ്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി യുവതിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടരുകയാണ്.