വ്യാപാര ബന്ധം ഊട്ടിഉറപ്പിക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യതയുണ്ടെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സൂചന നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാനായ വ്യക്തിയും സുഹൃത്തുമാണെന്ന് വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ ട്രംപ് വ്യക്തമാക്കി. ‘പ്രധാനമന്ത്രി മോദിയുമായുള്ള ചർച്ചകൾ വളരെ ഫലപ്രദമായി മുന്നോട്ട് പോകുകയാണ്. അദ്ദേഹം റഷ്യയിൽ നിന്ന് എണ്ണയും മറ്റ് ഉൽപ്പന്നങ്ങളും വലിയ തോതിൽ വാങ്ങുന്നത് നിർത്തിയിട്ടുണ്ട്.’ ട്രംപ് വ്യക്തമാക്കി.

‘മോദിയുമായി സ്ഥിരമായി ആശയവിനിമയം നടത്താറുണ്ട്. ഇന്ത്യയിലേക്ക് ഞാൻ വരണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ഉടൻ അതിനെക്കുറിച്ച് ഒരു തീരുമാനം ഉണ്ടാകും.’ ട്രംപ് കൂട്ടിച്ചേർത്തു.

ഇന്ത്യയും അമേരിക്കയും ഒരു ഇടക്കാല വ്യാപാര കരാറിനായി ചർച്ചകൾ നടത്തിവരികയാണ്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങലിനെ തുടർന്ന് ഇന്ത്യയുടെ ഉത്പന്നങ്ങൾക്ക് 25% തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമെ 25% അധിക പിഴയും ചുമത്തി. ഇന്ത്യ ഏകദേശം 34% അസംസ്കൃത എണ്ണയും റഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

Related Posts