ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിൽ ദീർഘകാല യുറേനിയം വിതരണ കരാറിൽ ഒപ്പുവച്ചു. ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡണ്ട് ഷാവ്കത്ത് മിർസിയോയേവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് കരാർ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ആണവോർജ പദ്ധതികൾക്ക് ആവശ്യമായ യുറേനിയത്തിൻ്റെ സ്ഥിരമായ ലഭ്യത ഉറപ്പാക്കുന്നതിൽ കരാർ നിർണായകമാകും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിലെ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു യുറേനിയം വിതരണ കരാറെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിൽ യുറേനിയം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഇതിലൂടെ നിലവിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയെ വിശ്വസ്തമായ തന്ത്രപ്രധാന പങ്കാളി എന്നാണ് മിർസിയോയേവ് വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ വർഷം ചരിത്രത്തിലാദ്യമായി ഒരു ബില്യൺ ഡോളർ പിന്നിട്ടതായും അദ്ദേഹം അറിയിച്ചു. സംയുക്ത സംരംഭങ്ങളുടെ എണ്ണവും മുൻകാലത്തേക്കാൾ ഏഴിരട്ടിയായി വർധിച്ചതായി ഉസ്ബെക് പ്രസിഡണ്ട് പറഞ്ഞു.
അതേസമയം, ഇന്ത്യൻ യാത്രക്കാർക്ക് ആശ്വാസമേകുന്ന വിസ ഇളവും ഉസ്ബെക്കിസ്ഥാൻ പ്രഖ്യാപിച്ചു. ഇന്ത്യൻ പൗരന്മാർക്ക് ഇനി 30 ദിവസം വരെ ഉസ്ബെക്കിസ്ഥാനിൽ വിസയില്ലാതെ താമസിക്കാമെന്ന് മിർസിയോയേവ് അറിയിച്ചു. വിനോദസഞ്ചാരത്തിനും ബിസിനസ് യാത്രകൾക്കും തീരുമാനം കൂടുതൽ സൗകര്യമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.