മ്യാൻമറിൽ നിന്ന് മെച്ചപ്പെട്ട ജീവിതം തേടി കടൽമാർഗം യാത്രതിരിച്ച നൂറുകണക്കിന് റോഹിംഗ്യൻ അഭയാർഥികൾ ദുരന്തത്തിൽപ്പെട്ടതായി ആശങ്ക. 500-ലധികം പേരുമായി പുറപ്പെട്ട രണ്ട് ബോട്ടുകൾ കടലിൽ മുങ്ങിയതായാണ് വിവരം. സംഭവത്തിൽ നൂറുകണക്കിന് ആളുകൾ മരിച്ചിരിക്കാമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ കൃത്യമായ മരണസംഖ്യ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ജൂൺ അവസാനവാരത്തിൽ മ്യാൻമറിൽ നിന്ന് പുറപ്പെട്ട ആദ്യ ബോട്ടിൽ ഏകദേശം 250 പേരും രണ്ടാമത്തെ ബോട്ടിൽ 280 ഓളം പേരുമുണ്ടായിരുന്നു. ആദ്യ ബോട്ടുമായുള്ള ബന്ധം യാത്ര ആരംഭിച്ചതിന് പിന്നാലെ തന്നെ നഷ്ടമായി. രണ്ടാമത്തെ ബോട്ട് ജൂലൈ 8-ന് മ്യാൻമറിലെ ഇരാവതി തീരത്തിന് സമീപം പ്രതികൂല കാലാവസ്ഥയെ തുടർന്ന് കടലിൽ മുങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
കടൽയാത്രയ്ക്ക് അതീവ അപകടകരമായ കാലാവസ്ഥയിലായിരുന്നു ഇരുബോട്ടുകളും യാത്രതിരിച്ചതെന്ന് യു.എൻ. വ്യക്തമാക്കി. ഇതാണ് ദുരന്തത്തിൻ്റെ വ്യാപ്തി വർധിക്കാൻ പ്രധാന കാരണമായതെന്നും സംഘടന ചൂണ്ടിക്കാട്ടി.
2017-ൽ രാഖൈൻ സംസ്ഥാനത്ത് മ്യാൻമർ സൈന്യം നടത്തിയ വ്യാപക ആക്രമണത്തെ തുടർന്ന് ലക്ഷക്കണക്കിന് റോഹിംഗ്യന്മാർ രാജ്യം വിടാൻ നിർബന്ധിതരായിരുന്നു. തുടർന്ന് അഭയാർഥികളിൽ പലരും സുരക്ഷിത ജീവിതം തേടി കടൽമാർഗം വിവിധ രാജ്യങ്ങളിലേക്ക് പോകാൻ ശ്രമിക്കുന്ന സാഹചര്യം തുടരുകയാണ്.
ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പ്രകാരം 2025-ൽ മാത്രം 900-ഓളം റോഹിംഗ്യൻ അഭയാർഥികൾ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്. 2026-ൻ്റെ ആദ്യ ആറുമാസത്തിനിടെ റോഹിംഗ്യന്മാരും ബംഗ്ലാദേശ് പൗരന്മാരും ഉൾപ്പെടെ 300-ലധികം പേരെ ഇതേ കടൽപാതയിൽ കാണാതായതായും യു.എൻ. റിപ്പോർട്ടിൽ പറയുന്നു.