രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നാളെ വോട്ട് ചെയ്യാൻ പാലക്കാട് എത്തിയേക്കുമെന്ന് സൂചന. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ബൂത്ത് നമ്പർ രണ്ടിലാണ് രാഹുലിന് വോട്ട് ഉള്ളത്.
രാഹുൽ താമസിക്കുന്ന ഈ വാർഡ് കോൺഗ്രസിൻ്റെ സിറ്റിങ് സീറ്റാണ്. ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ രാഹുലിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് രാഹുൽ വോട്ട് ചെയ്യാനെത്തുമെന്ന അഭ്യൂഹം സജീവമാകുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ രാഹുൽ പാലക്കാട് സജീവമായിരുന്നു. ബലാത്സംഗ കേസിൽ മുഖ്യമന്ത്രിയ്ക്ക് പരാതി ലഭിച്ചതോടെയാണ് രാഹുൽ മണ്ഡലത്തിൽ നിന്നും ഒളിവിൽ പോകുന്നത്.