സുൽത്താൻബത്തേരിയിലെ മുത്തങ്ങ മുറിയംകുന്ന് വയലിൽ കാട്ടാന ചരിഞ്ഞത് വൈദ്യുതാഘാതമേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സോളാർ ബാറ്ററിയിൽ നിന്നാണോ മറ്റേതെങ്കിലും വൈദ്യുതിപ്രവാഹത്താലാണോയെന്ന് വ്യക്തമായിട്ടില്ല. സ്ഥിരീകരിക്കാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റെ റിപ്പോർട്ട് ലഭിക്കണമെന്ന് വനംവകുപ്പധികൃതർ പറഞ്ഞു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫെൻസിങ് കമ്പിയിൽ കുരുങ്ങിയാണ് ആനയുടെ ജഡം കിടന്നിരുന്നത്. ബാറ്ററിയിൽ നിന്ന് ആഘാതമേറ്റാലും മരണകാരണമാകാറില്ല.

ബാറ്ററിയിൽ നിന്നല്ലാതെ വൈദ്യുതി പ്രവഹിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. കേസെടുത്ത വനം വകുപ്പ് സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 2 ദിവസത്തിനുള്ളിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റെ റിപ്പോർട്ട് ലഭിക്കും. ഇതിനിടെ ആനയെ കണ്ടെത്തിയ ഫോറസ്റ്റ് ലീസ് ഭൂമിയുടെ ഉടമ, കൃഷിചെയ്യുന്നയാൾ എന്നിവരിൽ നിന്ന് വനംവകുപ്പ് വിവരങ്ങൾ ശേഖരിക്കും. ബുധനാഴ്‌ച രാത്രിയോടെയാണ് പോസ്റ്റ്മോർട്ടത്തിനു ശേഷം ആനയുടെ ജഡം വനത്തിൽ സംസ്കരിച്ചത്.

Related Posts