കേരളത്തിൽ കാലവർഷം കനക്കുന്നു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് എട്ട് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പായ ‘യെല്ലോ അലർട്ട്’ പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദേശമുള്ളത്.
നാളെയോടെ മഴ വടക്കൻ കേരളത്തിലേക്ക് വ്യാപിക്കും. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അപകട മേഖലകളിൽ ഉള്ളവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത ക്യാമ്പുകളിലേക്ക് മാറിത്താമസിക്കണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ ഉള്ളവർ മുൻകരുതൽ എടുക്കണം.