പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതർലാൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റനും നടത്തിയ പ്രതിനിധിതല ചർച്ചകളിൽ 17 സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യ – നെതർലൻഡ്സ് പുതിയ കരാറുകളിലൂടെ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് സാമ്പത്തികവ്യാപാര രംഗങ്ങളിലെ വൻ കുതിച്ചുചാട്ടമാണ്. വ്യാപാരം, പ്രതിരോധം, കൃഷി, വിദ്യാഭ്യാസംസെമികണ്ടക്ടറുകൾ, ഗ്രീൻ എനർജി തുടങ്ങി വിവിധ മേഖലകളിലായാണ് ഈ കരാറുകൾ.
ഇന്ത്യയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കൽപസർ ജലപദ്ധതിക്ക് ഡച്ച് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നിർണായക കരാറുകളിൽ ആണ് ഭാരതവും നെതർലാൻഡ്സും ഒപ്പുവച്ചിട്ടുള്ളത്. ഇതിൻ്റെ ഭാഗമായി വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തിൽ വർഷത്തിലൊരിക്കൽ അവലോകന യോഗങ്ങൾ ചേരും. നിയമവിരുദ്ധ വ്യാപാരം തടയാനും കസ്റ്റംസ് രംഗത്തെ വിവരവിനിമയം കാര്യക്ഷമമാക്കാനുമായി ഇരുരാജ്യങ്ങളും തമ്മിൽ ഭരണപരമായ സഹകരണ കരാറിലും ഒപ്പുവച്ചിട്ടുണ്ട്. നിർണായക ധാതുക്കളുടെ വിതരണ ശൃംഖല ശക്തമാക്കാനും നിക്ഷേപങ്ങൾ വേഗത്തിലാക്കാനും ഇരുരാജ്യങ്ങളും പ്രത്യേക സംവിധാനം ഒരുക്കും.
ഔദ്യോഗിക ചർച്ചകൾക്ക് പിന്നാലെ സാങ്കേതികവിദ്യ, ഹരിത ഊർജം, വ്യാപാരം, ചലനാത്മകത, വിദ്യാഭ്യാസം, സംസ്കാരം എന്നീ മേഖലകളിൽ 14 കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു. ശേഷം പ്രധാനമന്ത്രി മോദി, പ്രധാനമന്ത്രി റോബ് ജെറ്റനെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തു.