കരൂർ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ചതിന് പിന്നാലെ തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാനൊരുങ്ങി നടനും ടിവികെ നേതാവുമായ വിജയ്. കനത്ത മഴയിൽ നെൽകൃഷി നശിക്കുന്നതിനെതിരെ വിജയ്, ഡിഎംകെ സർക്കാറിനെതിരെ രംഗത്തെത്തി. ഇന്ന് രണ്ട് പേജുള്ള വിശദമായ പ്രസ്താവനയിലാണ് സംസ്ഥാന സർക്കാറിനെതിരെ വിജയ് രംഗത്തെത്തിയത്. ദരിദ്രരുടെ ദുരവസ്ഥയോട് സർക്കാർ കാണിക്കുന്നത് കടുത്ത അവഗണനയും നിസ്സംഗതയുമാണെന്നും എം.കെ.സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ നെൽകർഷകരുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കുറ്റപ്പെടുത്തി. 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിനുശേഷം വിജയ് നടത്തുന്ന ആദ്യ പ്രസ്താവനയാണിത്. ടിവികെയുടെ പ്രത്യേക ജനറൽ കൗൺസിൽ യോഗം ഉടൻ നടക്കാനിരിക്കെയാണ് നടൻ്റെ പ്രസ്താവന എന്നതും ശ്രദ്ധേയം.
ഡിഎംകെ ഭരണകൂടത്തിനെതിരെ ജനങ്ങളുടെ ഹൃദയങ്ങളിൽ വളർന്നുവരുന്ന രോഷത്തിൻ്റെ വിത്തുകൾ മുളയ്ക്കുകയാണെന്നും വിജയ് പ്രസ്താവനയിൽ പറഞ്ഞു. മഴയിൽ വയലുകളിലും ഗോഡൗണുകളിലും കൊയ്തെടുത്ത നെൽക്കതിരുകൾ അഴുകുന്നത് തടയാൻ സർക്കാർ വേഗത്തിൽ നടപടിയെടുക്കാത്തതിനെയും വിജയ് ചോദ്യം ചെയ്തു.
എം.കെ.സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ കർഷകരെ സംരക്ഷിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ ഉൽപ്പന്നങ്ങൾ ഉടനടി സംരക്ഷിക്കുകയും അവരുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യുമായിരുന്നുവെന്നും എന്നാൽ കർഷകരുടെ കഠിനാധ്വാനം പാഴാകാൻ സർക്കാർ അനുവദിച്ചുവെന്നും വിജയ് ആരോപിച്ചു.