കൽപറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൽപറ്റ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. സംഭവസമയം ജിഡി ചാർജുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയ്ക്കും പാറാവ് നിന്ന ഉദ്യോഗസ്ഥനും എതിരെയാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവിറക്കിയത് ഡിഐജിയാണ്. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നേരത്തേ വയനാട് എസ്പി റിപ്പോർട്ട് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരേ നടപടിയെടുത്തത്.

കൽപറ്റ അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുലിനെ സ്റ്റേഷനിലെ ശുചിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി വീട്ടുവളപ്പിൽ സംസ്‌കരിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഗോകുലിന് 18 വയസായില്ലെന്ന വിവരം പുറത്തുവന്നത്.

ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ വീഴ്‌ച സംഭവിച്ചെന്നായിരുന്നു പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഉത്തരമേഖലാ ഡിഐജിക്ക് എസ്‌പി കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ഗോകുൽ ശുചിമുറിയിലേക്ക് പോയി പുറത്തുവരാൻ വൈകിയതിൽ ജാഗ്രത ഉണ്ടായില്ലെന്നും കൃത്യമായി നിരീക്ഷണം നടന്നില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Related Posts