കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ SIR ഇന്ന് നിർണായക ഘട്ടത്തിലേക്ക് കടക്കും. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതോടൊപ്പം വിശദാംശങ്ങൾ സ്ഥിരീകരിക്കേണ്ട 43.8 ലക്ഷം വോട്ടർമാർക്ക് ഇന്ന് നോട്ടീസ് നൽകുന്ന നടപടിയും ആരംഭിക്കും.

സംസ്ഥാനത്ത് SIR നടപടിയുടെ ഭാഗമായി 5.54 കോടി വോട്ടർമാരുടെ വിവരങ്ങൾ മാപ്പ് ചെയ്തിരുന്നു. ഇതിൽ 1.07 കോടി പേരെ Absent, Shifted, Dead, Duplicate and Other (ASDDO) വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർ കരട് വോട്ടർപട്ടികയിൽ ഉൾപ്പെടില്ല. ശേഷിക്കുന്ന 4.46 കോടി പേരിൽ നിന്നാണ് 43.8 ലക്ഷം പേരെ പരിശോധനയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.

നോട്ടീസ് ലഭിക്കുന്നവരിൽ 20.35 ലക്ഷം പേർക്ക് വിവരങ്ങളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയവരാണ്. പേരുകളിലോ രക്ഷിതാക്കളുടെ വിവരങ്ങളിലോ പ്രായവ്യത്യാസങ്ങളിലോ രേഖകളിലോ ഉള്ള അസാധാരണതകളാണ് ഇതിൽ ഉൾപ്പെടുന്നത്. മറ്റൊരു 23.45 ലക്ഷം പേരുടെ 2002ലെ SIR വിവരങ്ങളുമായി മാപ്പിംഗ് നടത്താൻ കഴിഞ്ഞിട്ടില്ല.

സംസ്ഥാനത്ത് നോട്ടീസ് ലഭിക്കുന്നവരിൽ പകുതിയിലേറെയും ബെംഗളൂരു മേഖലയിലാണ്. ബെംഗളൂരു അർബൻ, ബി ബി എം പി നോർത്ത്, സെൻട്രൽ, സൗത്ത് എന്നീ നാല് തിരഞ്ഞെടുപ്പ് ജില്ലകളിലായി 24.05 ലക്ഷം പേർക്ക് നോട്ടീസ് ലഭിക്കും. ഇതിൽ 6.24 ലക്ഷം പേർക്ക് വിവരങ്ങളിൽ പൊരുത്തക്കേടുകളും 17.81 ലക്ഷം പേർക്ക് മാപ്പിംഗ് ലഭിക്കാത്തതുമാണ് കാരണം.

ബെംഗളൂരു നോർത്തിൽ 6.13 ലക്ഷം, സെൻട്രലിൽ 4.29 ലക്ഷം, സൗത്തിൽ 4.17 ലക്ഷം, ബെംഗളൂരു അർബൻ ജില്ലയിൽ 9.45 ലക്ഷം പേരാണ് നോട്ടീസ് പട്ടികയിലുള്ളത്. സി.വി. രാമൻ നഗർ മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന ശതമാനം—60.34 ശതമാനം വോട്ടർമാർക്ക് നോട്ടീസ് ലഭിക്കുമെന്നാണ് കണക്ക്.

നോട്ടീസ് ലഭിക്കുന്നവർക്ക് ആവശ്യമായ രേഖകളുമായി അധികൃതർ നിർദേശിക്കുന്ന സ്ഥലത്തും സമയത്തും ഹാജരായി വിവരങ്ങൾ സ്ഥിരീകരിക്കാം. ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 23 വരെയാണ് അവകാശവാദങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള കാലയളവ്. നടപടികൾ പൂർത്തിയാക്കിയ ശേഷം അന്തിമ വോട്ടർപട്ടിക ഒക്ടോബർ 27ന് പ്രസിദ്ധീകരിക്കും.

Related Posts