വോട്ട് ചോരി ആരോപണവും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യവും ഉയർത്തി ഇന്ത്യ സഖ്യം നടത്തിയ ‘ദില്ലി ചലോ’ മാർച്ചിൽ സംഘർഷം. സുപ്രീം കോടതിയിൽനിന്ന് ഏകദേശം 200 മീറ്റർ അകലെ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് മാർച്ച് തടഞ്ഞതോടെയാണ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായത്.

ബാരിക്കേഡുകൾ തള്ളിനീക്കാനും അതിനു മുകളിൽ കയറാനും പ്രവർത്തകർ ശ്രമിച്ചെങ്കിലും നേതാക്കൾ സംയമനം പാലിക്കാൻ നിർദേശിച്ചു. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് പിന്തിരിപ്പിക്കുകയും ചിലരെ വലിച്ചിഴച്ച് നീക്കാൻ ശ്രമിക്കുകയും ചെയ്തതോടെ സംഘർഷാവസ്ഥ രൂക്ഷമായി. ഫുട്പാത്തിൽ നിന്നവരെപ്പോലും ഒഴിപ്പിക്കാൻ പൊലീസ് ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.

മാർച്ചിനിടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രാഹുൽ ഗാന്ധിക്കുവേണ്ടി അഭിഭാഷകർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. വൈകിട്ട് 4.45ഓടെയാണ് ഹർജി നൽകിയത്. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആർ) ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളെ ചോദ്യം ചെയ്യുന്ന ഹർജിയിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഏകപക്ഷീയമായ തീരുമാനങ്ങൾ നടപ്പാക്കിയെന്ന ആരോപണവും ഉന്നയിച്ചിട്ടുണ്ട്.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ പ്രമുഖ നേതാക്കൾ മാർച്ചിൽ പങ്കെടുത്തു.

പൊലീസ് തടയുന്ന ഇടങ്ങളിൽ തന്നെ പ്രതിഷേധം തുടരാനാണ് ഇന്ത്യ സഖ്യത്തിൻ്റെ തീരുമാനം. ആയിരക്കണക്കിന് പ്രവർത്തകർ സുപ്രീം കോടതി പരിസരത്തേക്ക് എത്തിയതോടെ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. പ്രതിഷേധം കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.

Related Posts