ഡൽഹി ജന്തർ മന്തറിൽ നിരാഹാര സമരം തുടരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിൻ്റെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോർട്ട്. 18 ദിവസമായി തുടരുന്ന സമരത്തിനിടെ അദ്ദേഹത്തിൻ്റെ ശരീരഭാരം 8.5 കിലോയോളം കുറഞ്ഞതായും, രണ്ട് ദിവസം കൂടി സമരം തുടർന്നാൽ ജീവന് ഭീഷണിയാകാമെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകൻ രാകേഷ് കുമാർ സെയ്നി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

വാങ്ചുക്കിനെ അടിയന്തരമായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ കേന്ദ്ര-ഡൽഹി സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ആരോഗ്യനില കൂടുതൽ വഷളാകാതിരിക്കാൻ ആവശ്യമെങ്കിൽ പോഷകാഹാര പാനീയങ്ങൾ നൽകുന്നതിനും കോടതി ഇടപെടണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

സമാധാനപരമായി പ്രതിഷേധിക്കുന്ന ഒരു പൗരനെ കുറ്റവാളിയെപ്പോലെ പരിഗണിക്കുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും, അദ്ദേഹത്തിൻ്റെ ജീവനും ആരോഗ്യവും സംരക്ഷിക്കേണ്ടത് സർക്കാരിൻ്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കേസിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സോനം വാങ്ചുക്ക് ജൂൺ 28ന് നിരാഹാര സമരം ആരംഭിച്ചത്. സമരം അവസാനിപ്പിക്കണമെന്ന് വിവിധ സാമൂഹിക പ്രവർത്തകരും പ്രതിപക്ഷ നേതാക്കളും അഭ്യർഥിച്ചെങ്കിലും അദ്ദേഹം ഇതുവരെ പിന്മാറിയിട്ടില്ല.

Related Posts