ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി ജൈഡൻ ജോ സാനി (17) മരിച്ചു. ജൂലൈ 12-ന് ഉച്ചയ്ക്ക് 12.15-ഓടെ ക്വീൻസ്ലൻഡിലെ ലാസീ ക്രീക്കിൽ നടന്ന അപകടത്തിലാണ് ദാരുണാന്ത്യം.
ജോ സാനിയുടെയും ട്രീസ സിജോയുടെയും മകനായ ജൈഡൻ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജൈഡനെ എയർ ആംബുലൻസിൽ റോയൽ ബ്രിസ്ബെയ്ൻ ആൻഡ് വിമൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
അപകടത്തിൽ കാർ ഓടിച്ചിരുന്ന 55-കാരന് പരിക്കുകളില്ല. സംഭവത്തിൽ ക്വീൻസ്ലൻഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.