ലോകകപ്പിൽ ബ്രസീലിൻ്റെ കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് സി പോരാട്ടത്തിൽ സ്കോട്ട്ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്രസീൽ തുടർച്ചയായ രണ്ടാം ജയവും നോക്കൗട്ട് യോഗ്യതയും സ്വന്തമാക്കി.

വിനീഷ്യസ് ജൂനിയറിൻ്റെ ഇരട്ടഗോൾ മികവിലാണ് ബ്രസീൽ ആധികാരിക വിജയം നേടിയത്. മറ്റൊരു ഗോൾ മാത്യുസ് കുന്യയുടെ വകയായിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ബ്രസീൽ ഗ്രൂപ്പിൽ മുന്നിലെത്തി.

മത്സരത്തിൻ്റെ ഏഴാം മിനിറ്റിൽ തന്നെ സ്കോട്ടിഷ് പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് വിനീഷ്യസ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. തുടർന്ന് ആദ്യ പകുതിയുടെ അധികസമയത്ത് ബ്രൂണോ ഗ്വിമറേസിൻ്റെ ക്രോസിൽ ഹെഡറിലൂടെ വീണ്ടും വലകുലുക്കി താരം ബ്രസീലിൻ്റെ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ 60-ാം മിനിറ്റിൽ മാത്യുസ് കുന്യയും ഗോൾ നേടിയതോടെ സ്കോട്ട്ലൻഡിൻ്റെ തിരിച്ചുവരവ് പ്രതീക്ഷകൾ അവസാനിച്ചു.

മത്സരത്തിലെ മറ്റൊരു ശ്രദ്ധേയ നിമിഷം നെയ്മറിൻ്റെ തിരിച്ചുവരവായിരുന്നു. പരിക്കിനെ തുടർന്ന് രണ്ട് വർഷത്തിലേറെയായി ദേശീയ ടീമിന് പുറത്തായിരുന്ന താരം 980 ദിവസങ്ങൾക്ക് ശേഷമാണ് ബ്രസീലിനായി വീണ്ടും കളത്തിലിറങ്ങിയത്. നെയ്മറുടെ മടങ്ങിവരവും വമ്പൻ ജയവും ബ്രസീൽ ആരാധകർക്ക് ഇരട്ടിമധുരമായി.

……………

ഗ്രൂപ്പ് ബി പോരാട്ടത്തിൽ കാനഡയെ 2-1ന് കീഴടക്കി സ്വിറ്റ്സർലൻഡ് ഫിഫ ലോകകപ്പിൻ്റെ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. ബുധനാഴ്ച നടന്ന മത്സരത്തിൽ റൂബൻ വർഗാസും ജോഹാൻ മൻസാംബിയും സ്വിറ്റ്സർലൻഡിനായി വലകുലുക്കിയപ്പോൾ പ്രോമൈസ് ഡേവിഡ് കാനഡയുടെ ഏക ഗോൾ നേടി.

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റ് നേടിയ സ്വിറ്റ്സർലൻഡ് ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാർട്ടർ ഉറപ്പിച്ചു. തോറ്റെങ്കിലും നാല് പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കാനഡയും നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നു. അതേസമയം, ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഖത്തറിനെ 3-1ന് തോൽപ്പിച്ച് ബോസ്നിയ പ്രതീക്ഷകൾ നിലനിർത്തി. കെരിം അലയ്ബെഗോവിച്ച്, ഇർമിൻ മഹ്മിക് എന്നിവർ ബോസ്നിയയ്ക്കായി ഗോൾ നേടിയപ്പോൾ ഖത്തർ താരം സുൽത്താൻ അൽ ബ്രേക്കിയുടെ സെൽഫ് ഗോളും ടീമിന് നേട്ടമായി. ഹസൻ അൽ ഹൈദോസ് ഖത്തറിൻ്റെ ആശ്വാസ ഗോൾ നേടി.

കാനഡയ്ക്കും ബോസ്നിയയ്ക്കും നാല് പോയിന്റ് വീതമുണ്ടെങ്കിലും മികച്ച ഗോൾ വ്യത്യാസമാണ് കാനഡയ്ക്ക് രണ്ടാം സ്ഥാനം ഉറപ്പാക്കിയത്. മൂന്നാം സ്ഥാനക്കാരായ ബോസ്നിയയ്ക്കും നോക്കൗട്ട് പ്രതീക്ഷയുണ്ടെങ്കിലും മറ്റ് ഗ്രൂപ്പുകളിലെ ഫലങ്ങൾ കൂടി വന്നശേഷമേ അവരുടെ ഭാവി വ്യക്തമാകൂ. മികച്ച എട്ട് മൂന്നാം സ്ഥാനക്കാർക്കും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാനാകും.

Related Posts