തമിഴ്നാട്ടിൽ ടാസ്മാക് മദ്യവിൽപ്പനശാലകളോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ബാറുകൾക്ക് ജൂൺ 30-ന് ലൈസൻസ് കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാർ അവ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ഇതോടെ സംസ്ഥാനത്താകെ പ്രവർത്തിച്ചിരുന്ന ഏകദേശം 2,320 ബാറുകളാണ് താൽക്കാലികമായി പ്രവർത്തനം നിർത്തിയത്. പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കിയ ശേഷമേ ഇനി ബാറുകൾക്ക് ലൈസൻസ് അനുവദിക്കൂ.

മദ്യനിരോധന-എക്സൈസ് വകുപ്പ് മന്ത്രി കെ. വിഘ്നേഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പുതിയ ടെൻഡർ അനുവദിക്കുന്നതുവരെ ബാറുകൾ അടച്ചിടുന്നതിനാൽ സർക്കാരിന് പ്രതിമാസം ഏകദേശം 400 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകാമെന്നാണ് ടാസ്മാക് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

പുതിയ ലൈസൻസ് അനുവദിക്കുന്നതിനുള്ള ടെൻഡർ വ്യവസ്ഥകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനും സർക്കാർ ആലോചിക്കുന്നുണ്ട്. നിലവിലെ ലൈസൻസ് 2024 ജനുവരിയിലായിരുന്നു അനുവദിച്ചത്. ഇത് 2026 ജനുവരിയിൽ അവസാനിക്കേണ്ടതായിരുന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് പരിഗണിച്ച് സർക്കാർ ജൂൺ അവസാനം വരെ കാലാവധി നീട്ടിയിരുന്നു. ആ കാലാവധിയാണ് ഇപ്പോൾ അവസാനിച്ചത്.

സംസ്ഥാനത്താകെ നിലവിൽ 4,048 ടാസ്മാക് ചില്ലറ മദ്യവിൽപ്പനശാലകളാണ് പ്രവർത്തിക്കുന്നത്. പ്രതിദിനം ശരാശരി 150 കോടി രൂപയുടെ മദ്യവിൽപ്പനയാണ് ഇവ വഴി നടക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ പ്രധാന വരുമാന സ്രോതസുകളിലൊന്നായ ടാസ്മാക്കിൽ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രി വിജയ് 717 മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു. ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിക്കുള്ളിലെ മദ്യശാലകളാണ് ഇതിൻ്റെ ഭാഗമായി അടച്ചത്. നേരത്തെ ഈ ദൂരപരിധി 50 മീറ്ററായിരുന്നെങ്കിലും അത് 500 മീറ്ററായി ഉയർത്തുകയായിരുന്നു സർക്കാർ.

Related Posts