സാമ്പത്തിക ബാധ്യതയാണ് ഹരിയാനയിലെ പഞ്ച്കുളയിൽ ഏഴംഗ കുടുംബത്തിൻ്റെ കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്ന് റിപ്പോർട്ട്. കാറിനുള്ളിൽ വിഷംകഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ ഹരിയാണയിലെ ഹിസാർ സ്വദേശിയും ദെഹ്റാദൂണിൽ താമസക്കാരനുമായ പ്രവീൺ മിത്തലിനും കുടുംബത്തിനും 20 കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി ബന്ധുവായ സന്ദീപ് അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു.
സ്ക്രാപ്പ് ബിസിനസിൽ വർഷങ്ങൾക്ക് മുമ്പ് ഏർപ്പെട്ടതിന് പിന്നാലെയാണ് പ്രവീൺ മിത്തലിന് വലിയ സാമ്പത്തികബാധ്യതയുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹരിയാണയിലെ പഞ്ച്കുളയിൽ കഴിഞ്ഞ ദിവസമാണ് നടുക്കുന്ന സംഭവമുണ്ടായത്. നാട്ടുകാരാണ് നിർത്തിയിട്ട കാറിനുള്ളിൽ ആറുപേരെ മരിച്ച നിലയിലും കാറിന് പുറത്ത് വിഷംകഴിച്ച് അവശനായ നിലയിൽ പ്രവീൺ മിത്തലിനെയും ആദ്യം കണ്ടത്. തുടർന്ന് പ്രവീൺ മിത്തലിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹവും മരണത്തിന് കീഴടങ്ങി.
പ്രവീൺ മിത്തലിന് പുറമേ ഇദ്ദേഹത്തിൻ്റെ പ്രായമായ മാതാപിതാക്കളും ഭാര്യയും മക്കളായ മൂന്നുപേരുമാണ് മരിച്ച മറ്റുള്ളവർ. പ്രവീൺ മിത്തൽ വർഷങ്ങൾക്ക് മുമ്പ് ഹിമാചൽ പ്രദേശിലെ ബാദ്ദിയിൽ ഒരു സ്ക്രാപ്പ് ഫാക്ടറി നടത്തിയിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. ഈ ബിസിനസ് പിന്നീട് നഷ്ടത്തിലാവുകയും ഫാക്ടറി ബാങ്കുകാർ ജപ്തി ചെയ്യുകയും ചെയ്തു. കടം പെരുകിയതോടെ പ്രവീൺ മിത്തൽ ദെഹ്റാദൂണിലേക്ക് താമസം മാറ്റി.
6 വർഷത്തോളം കുടുംബവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ഏകദേശം 20 കോടിയുടെ കടബാധ്യതയാണ് ഈ സമയത്ത് പ്രവീണിനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ 2 ഫ്ളാറ്റുകളും വാഹനങ്ങളും ബാങ്കുകാർ കണ്ടുകെട്ടിയിരുന്നു. ഹരിയാണയിലെ പഞ്ച്കുളയിൽ വെച്ച് തിങ്കളാഴ്ചയാണ് പ്രവീൺ മിത്തലും കുടുംബവും ജീവനൊടുക്കിയത്.
ദെഹ്റാദൂണിൽ താമസിക്കുന്ന കുടുംബാംഗങ്ങളുമായി പ്രവീൺ മിത്തൽ കഴിഞ്ഞ ദിവസം ബാഗേശ്വർ ധാമിൽ പോയിരുന്നു. ഒരു ആത്മീയചടങ്ങിൽ പങ്കെടുക്കാനായാണ് പ്രവീണും കുടുംബാംഗങ്ങളും ബാഗേശ്വർ ധാമിലേക്ക് പോയത്. തുടർന്ന് ഇവിടെ നിന്ന് കാറിൽ മടങ്ങുന്നതിനിടെയാണ് കുടുംബം വിഷംകഴിച്ച് ജീവനൊടുക്കിയതെന്നും പോലീസ് പറഞ്ഞു.