ബെംഗളൂരുവിലെ മലയാളികൾ ഏറെയുള്ള മടിവാളയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കാൻ കർണാടക ആർടിസി (KSRTC) പുതിയ സർവീസ് ആരംഭിക്കുന്നു. ഓണത്തോടനുബന്ധിച്ച് കണ്ണൂരിലേക്കുള്ള നോൺ എസി സ്ലീപ്പർ ‘പല്ലക്കി’ സർവീസിനാണ് തുടക്കമാകുന്നത്. ശാന്തിനഗറും സാറ്റലൈറ്റ് ബസ് ടെർമിനലും നിലവിലെ ബോർഡിംഗ് പോയിന്റുകളായി തുടരും. ഇതുവരെ മടിവാളയിൽ നിന്ന് സ്വകാര്യ ബസുകൾ മാത്രമാണ് കേരളത്തിലേക്ക് സർവീസ് നടത്തിയിരുന്നത്. പുതിയ കെഎസ്ആർടിസി സർവീസ് ആരംഭിക്കുന്നതോടെ നഗരത്തിൻ്റെ തെക്കൻ മേഖലകളിൽ താമസിക്കുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായി നാട്ടിലെത്താനാകും.

സേലം വഴി കേരളത്തിലേക്ക് സർവീസ് നടത്തുന്ന കേരള, കർണാടക ആർടിസി ബസുകൾക്ക് മടിവാളയ്ക്ക് സമീപമുള്ള സെന്റ് ജോൺസ് മെഡിക്കൽ കോളേജിന് മുന്നിൽ ബോർഡിംഗ് പോയിന്റ് നിലവിലുണ്ടെങ്കിലും, മലബാർ മേഖലയിലേക്കുള്ള യാത്രക്കാർ ഇതുവരെ പ്രധാനമായും ശാന്തിനഗർ, സാറ്റലൈറ്റ് ടെർമിനലുകളെയാണ് ആശ്രയിച്ചിരുന്നത്. നിലവിൽ കർണാടക ആർടിസിയുടെ കേരളത്തിലേക്കുള്ള എല്ലാ സർവീസുകളും ശാന്തിനഗർ ടെർമിനലിൽ നിന്നാണ് ആരംഭിക്കുന്നത്. കേരള ആർടിസിയുടെ പ്രധാന കേന്ദ്രം സാറ്റലൈറ്റ് ടെർമിനലാണെങ്കിലും ശാന്തിനഗർ, പീനിയ, ബസവേശ്വര നഗർ ടെർമിനലുകളിൽ നിന്നുമായി അധിക സർവീസുകളും നടത്തുന്നുണ്ട്.

മുൻപ് പീനിയയിൽ നിന്ന് മലബാർ മേഖലയിലേക്ക് നാല് കെഎസ്ആർടിസി സർവീസുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് അവ നിർത്തിവെച്ചിരുന്നു. ഇപ്പോൾ മടിവാളയിൽ നിന്ന് പുതിയ സർവീസ് ആരംഭിക്കുന്നതോടെ ഓണക്കാല യാത്രയ്ക്ക് കൂടുതൽ ആശ്വാസമാകുമെന്നാണ് യാത്രക്കാർ പ്രതീക്ഷിക്കുന്നത്.

Related Posts