ഇന്ത്യയും ജപ്പാനും തമ്മിലുള്ള തന്ത്രപ്രധാനവും സാമ്പത്തികവുമായ സഹകരണം പുതിയ തലത്തിലേക്ക് ഉയർത്താൻ 16-ാമത് ഇന്ത്യ–ജപ്പാൻ വാർഷിക ഉച്ചകോടിയിൽ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനെ തകായ്ച്ചിയും നിർമിതബുദ്ധി, സെമികണ്ടക്ടർ, പ്രതിരോധം, ഊർജം, വ്യാപാരം, നിക്ഷേപം, സമുദ്രസുരക്ഷ തുടങ്ങി നിരവധി മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണയായി.
അടുത്ത വർഷം ഇന്ത്യ–ജപ്പാൻ നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി പുതിയ പദ്ധതികൾക്ക് വേഗം കൂട്ടാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. സ്വതന്ത്രവും നിയമാധിഷ്ഠിതവുമായ ഇൻഡോ-പസഫിക് മേഖല ഇരുരാജ്യങ്ങളുടെയും പൊതുമുൻഗണനയാണെന്ന് തകായ്ച്ചി വ്യക്തമാക്കി. ഇന്ത്യയുടെ ‘മഹാസാഗർ’ സംരംഭവും ജപ്പാന്റെ ‘ഫ്രീ ആൻഡ് ഓപ്പൺ ഇൻഡോ-പസഫിക്’ നയവും പരസ്പരം ശക്തിപ്പെടുത്തുന്നതാണെന്നും അവർ പറഞ്ഞു.
പ്രതിരോധ മേഖലയിലും സഹകരണം വിപുലീകരിക്കും. സംയുക്ത നാവികാഭ്യാസങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം ഇന്ത്യയിൽ കപ്പൽ അറ്റകുറ്റപ്പണികളും നിർമ്മാണ സൗകര്യങ്ങളും വികസിപ്പിക്കാനും തീരുമാനമായി. നിർണായക ധാതുക്കളുടെ വിതരണ ശൃംഖല കൂടുതൽ സുരക്ഷിതമാക്കുന്നതിനും ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കും.
നിർമിതബുദ്ധി, ക്വാണ്ടം സാങ്കേതികവിദ്യ, ബയോടെക്നോളജി തുടങ്ങിയ ഭാവി സാങ്കേതിക മേഖലകളിൽ ഇന്ത്യയും ജപ്പാനും സംയുക്ത ഗവേഷണവും വികസനവും നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജപ്പാൻ്റെ സാങ്കേതിക മികവും ഇന്ത്യയുടെ വിപണി സാധ്യതയും പ്രയോജനപ്പെടുത്തി സെമികണ്ടക്ടർ, ഫാർമസ്യൂട്ടിക്കൽസ്, നിർണായക ധാതുക്കൾ എന്നിവയിൽ ആഗോള വിതരണ ശൃംഖല ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉച്ചകോടിക്കുശേഷം പൊതുമേഖലയുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തത്തോടെ 120 സഹകരണ പദ്ധതികൾ പ്രഖ്യാപിച്ചു. രാജ്യത്തുടനീളം 1,000 ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുന്ന പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. പുതുക്കാവുന്ന ഊർജ പദ്ധതികൾക്കും പെട്രോളിയം സംഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള സഹകരണവും ഇരുരാജ്യങ്ങൾ പ്രഖ്യാപിച്ചു. സാമ്പത്തിക സുരക്ഷ, നിർമിതബുദ്ധി, ഊർജ പ്രതിരോധശേഷി എന്നീ മൂന്ന് സുപ്രധാന മേഖലകളിൽ പ്രത്യേക ധാരണാപത്രങ്ങൾ ഒപ്പുവെച്ചതോടൊപ്പം ഗവേഷണം, ശുദ്ധ ഊർജം, നൂതന സാങ്കേതികവിദ്യ, നിക്ഷേപം എന്നിവയുൾപ്പെടെ നിരവധി കരാറുകൾക്കും ഇരുരാജ്യങ്ങളും അംഗീകാരം നൽകി.
രണ്ട് ട്രില്യൺ യെൻ മൂല്യമുള്ള 120 സംയുക്ത സംരംഭങ്ങൾ തിരിച്ചറിഞ്ഞതായി ജപ്പാൻ ഡെപ്യൂട്ടി ചീഫ് കാബിനറ്റ് സെക്രട്ടറി മസാനാവോ ഒസാക്കി അറിയിച്ചു. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 10 ട്രില്യൺ യെൻ (ഏകദേശം 12.5 ബില്യൺ ഡോളർ) നിക്ഷേപം ഉറപ്പാക്കണമെന്ന് ഇന്ത്യ–ജപ്പാൻ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത ജാപ്പനീസ് വ്യവസായ പ്രതിനിധികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിക്കുകയും ചെയ്തു.