ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പഹൽഗാമിലെ സുരക്ഷാ സംവിധാങ്ങളുടെ പാളിച്ചയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഭീകരാക്രമണത്തിൻ്റെ ഇര. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൂറത്തിലെ ബാങ്കർ ശൈലേഷ് കഥലിയയുടെ ഭാര്യ ശീതൾ കലാത്തിയയാണ് കേന്ദ്രമന്ത്രിക്ക് മുന്നിൽ പൊട്ടിത്തെറിച്ചത്. ധാരാളം വിനോദസഞ്ചാരികൾ അവിടെ ഉണ്ടായിരുന്നിട്ടും യാതൊരു വിധ സുരക്ഷയും ഉണ്ടായിരുന്നില്ല. സുരക്ഷാ സംവിധാനങ്ങളുടെ അഭാവമായിരുന്നു അത്. എത്ര സുരക്ഷാ വാഹനങ്ങൾ വി.ഐ.പികളെ പിന്തുടരുന്നതിനായി നിങ്ങൾ അയക്കാറുണ്ട്. വി.ഐ.പിയുടെ ജീവൻ വലിയതാണ്, അവരുടെ ജീവിതം വലുതാണ്.
ശീതൾ പൊട്ടിത്തെറിച്ചത് ശൈലേഷ് കഥലിയക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ കേന്ദ്രമന്ത്രി സി.ആർ. പാട്ടിലിന് മുന്നിലാണ്. ഒരു വി.ഐ.പി യാത്രചെയ്യുമ്പോൾ അവിടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകുമെന്നും എന്നാൽ ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ കശ്മീരിൽ ഒരു സുരക്ഷാ സംവിധാനവുമില്ലായിരുന്നു. സാധാരണക്കാരായ ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലേയെന്ന് ശീതൾ ചോദിച്ചു.
കൂടാതെ പഹൽഗാമിൽ കൊല്ലപ്പെട്ട എല്ലാ നിരപരാധികൾക്കും നീതി വേണമെന്നും ശീതൾ പറഞ്ഞു. ‘അവിടെ കൊല്ലപ്പെട്ട എല്ലാ നിരപരാധികൾക്കും നീതി വേണം. അവിടെ ഒരു സൗകര്യമില്ലായിരുന്നു. സൈന്യത്തിൻ്റെയോ പൊലീസിൻ്റെയോ സുരക്ഷയില്ലായിരുന്നു. ഒരു വി.ഐ.പി വാഹനവ്യൂഹത്തിന് നൽകാൻ നിങ്ങൾക്ക് വളരെയധികം സുരക്ഷാ സംവിധാനമുണ്ട്, ഹെലികോപ്റ്ററുകൾ പോലും നിങ്ങളുടെ തലയ്ക്ക് മുകളിലൂടെ പറക്കും. നിങ്ങൾക്ക് അതിനുള്ള പണം എവിടെ നിന്നാണ് ലഭിക്കുന്നത്. ഞങ്ങൾ അടക്കുന്ന നികുതിയിൽ നിന്ന്’ ശീതൾ ചോദിച്ചു.