നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഒരു മാസമായി നടത്തിവന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചു. കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച ഉറപ്പുകൾ അംഗീകരിച്ചാണ് സമരം പിൻവലിച്ചതെന്ന് സിജെപി നേതൃത്വം അറിയിച്ചു.
കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്ര സിങ്ങും സിജെപി പ്രതിനിധികളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് സമവായമായത്.
സമരവുമായി ബന്ധപ്പെട്ട് സിജെപി പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്നും, ഭാവിയിൽ ഇതുമായി ബന്ധപ്പെട്ട് നിയമനടപടികൾ സ്വീകരിക്കില്ലെന്നും കേന്ദ്രം ഉറപ്പുനൽകിയതായി സിജെപി അറിയിച്ചു. കൂടാതെ, ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നിലവിലെ ചട്ടങ്ങൾ പ്രകാരം പരമാവധി ധനസഹായം നൽകുമെന്നും സർക്കാർ അറിയിച്ചതായി പാർട്ടി അവകാശപ്പെട്ടു.
പരീക്ഷാ സംവിധാനത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾ സംബന്ധിച്ച് ഒരു മാസത്തിനകം ഔദ്യോഗിക ചർച്ചകൾ നടത്തുമെന്നും, നൽകിയ ഉറപ്പുകൾ ചൊവ്വാഴ്ചയ്ക്കകം രേഖാമൂലം കൈമാറുമെന്നും കേന്ദ്രസർക്കാർ അറിയിച്ചതായും സിജെപി നേതൃത്വം വ്യക്തമാക്കി.
ഈ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ ജന്തർമന്തറിലെ പ്രതിഷേധക്കാർ സമരം അവസാനിപ്പിക്കണമെന്ന് സിജെപി നേതൃത്വം ആഹ്വാനം ചെയ്തു. അതേസമയം, പ്രതിഷേധങ്ങൾക്കിടെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചതും രാജ്യവ്യാപകമായി ശ്രദ്ധ നേടിയ ഈ പ്രക്ഷോഭത്തിലെ പ്രധാന സംഭവവികാസമായി മാറി.