തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസുകാരൻ ആദിശേഖറിനെ (15) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. തിരുവനന്തപുരം ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് വിധി പ്രസ്താവിക്കുന്നത്. പൂവച്ചൽ സ്വദേശി പ്രിയരഞ്ജൻ ആണ് കേസിലെ പ്രതി. പ്രതി വ്യക്തി വൈരാഗ്യത്തിൻ്റെ പേരിലാണ് ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു.
വീടിനു സമീപമുള്ള ക്ഷേത്ര മൈതാനത്ത് കളിച്ച ശേഷം മടങ്ങുകയായിരുന്ന ആദിശേഖറിനെ 2023 ഓഗസ്റ്റ് 30 ന് പ്രിയരഞ്ജൻ കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആദ്യം പോലീസ് കേസെടുത്തത് അപകടമെന്ന നിലയിൽ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റമാണ്. എന്നാൽ സംഭവത്തിൻ്റെ സിസിടിവി ദൃശ്യം പുറത്തുവന്നത് കേസിൽ നിർണായക തെളിവായി.
ആദിശേഖർ സൈക്കിളിൽ കയറിയ ഉടൻ പ്രിയരഞ്ജൻ കാറിലിരിക്കുന്നതും കാറോടിച്ചു കയറ്റി കൊലപ്പെടുത്തും ദൃശ്യങ്ങളിൽ വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിക്ക് ആദിശേഖറിനോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നതായി തെളിഞ്ഞത്. ക്ഷേത്ര മതിലിൽ പ്രതി മൂത്രമൊഴിച്ചത് ആദി ശേഖർ ചോദ്യം ചെയ്തതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവശേഷം ഒളിവിൽ പോയ പ്രിയരഞ്ജനെ തമിഴ്നാട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.