നിയമസഭാ തിരഞ്ഞെടുപ്പിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെ മത്സരിപ്പിക്കേണ്ടെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ്. വിവരം സി.പി.എം നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ട്. വിഷയം തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ച ചെയ്തു എന്നും റിപ്പോർട്ടുണ്ട്. കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ തോമസ് ഐസക് ഇത് സംസ്ഥാന നേതൃത്വത്തെ അറിയിക്കും.
വീണാ ജോർജ് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായതിനാൽ അന്തിമ തീരുമാനം സംസ്ഥാനനേതൃത്വത്തിനായിരിക്കും. ഓർത്തഡോക്സ് സഭയുടെ മുൻ സെക്രട്ടറിയായ ജോർജ് സംസ്ഥാന–ജില്ലാ–ഏരിയാ തലങ്ങളിലെ നേതാക്കളെ ഫോണിലൂടെയും നേരിട്ടും സമീപിച്ചതായാണ് വിവരം. കുടുംബപരമായ സാഹചര്യങ്ങളാണ് ആവശ്യത്തിന് പിന്നിലെന്നാണ് ജോർജ് നേതാക്കളെ അറിയിച്ചിട്ടുള്ളത്. സംസ്ഥാന നേതൃത്വം നിലവിലെ സാഹചര്യത്തിൽ വീണാ ജോർജിനോടും ഭർത്താവിനോടും ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്.