ഓണത്തിന് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധനകൾ ശക്തമാക്കും. എല്ലാ ജില്ലകളിലും അടുത്ത ആഴ്ചമുതൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചാകും പരിശോധനകൾ നടക്കുക. പരിശോധന രാത്രികാലവുമുണ്ടാകും. കർശനപരിശോധന തട്ടുകടകൾ കേന്ദ്രീകരിച്ചും നടത്താൻ മന്ത്രി വീണാജോർജ് നിർദേശം നൽകി.
പാൽ, പാലുത്പന്നങ്ങൾ, പായസമിശ്രിതം, ധാന്യങ്ങൾ, ഭക്ഷ്യ എണ്ണകൾ, നെയ്, ശർക്കര, പഴവർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, വിവിധതരം ചിപ്സ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുക. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർമാരുടെ നേതൃത്വത്തിലായിരിക്കും ജില്ല തിരിച്ചുള്ള സ്ക്വാഡ് രൂപവത്കരിക്കുക.
ഭക്ഷ്യസുരക്ഷ ജില്ലാതലത്തിൽ അസിസ്റ്റന്റ് കമ്മീഷണർമാരും മേഖലാതലത്തിൽ ഡെപ്യൂട്ടി കമ്മിഷണർമാരും പരിശോധനകൾ ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തും. ഒരു മാസത്തിനിടെ വെളിച്ചെണ്ണയിലെ തട്ടിപ്പു തടയാൻ 1014 പരിശോധനകൾ നടത്തിയതായും മന്ത്രി വീണാജോർജ് അറിയിച്ചു.
17,000-ത്തോളം ലിറ്റർ വ്യാജ വെളിച്ചെണ്ണ വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനകളിൽ പിടിച്ചെടുത്തു. 25 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 469 സാമ്പിളുകൾ ശേഖരിച്ച് നടപടികൾ സ്വീകരിച്ചു. 1613 സ്ഥാപനങ്ങളിൽനിന്ന് 63 ലക്ഷം രൂപയുടെ പിഴയീടാക്കി.
കുട്ടനാടൻ കേര, കേരസൂര്യ, കേരഹരിതം തുടങ്ങിയ പേരിലുള്ള വെളിച്ചെണ്ണ നിർമ്മാതാക്കൾക്കെതിരേ നിയമനടപടി സ്വീകരിച്ചു. 331 സ്ഥാപനങ്ങൾക്കെതിരേ കേസ് ഫയൽ ചെയ്തു.