മുഖ്യമന്ത്രി വി.ഡി. സതീശൻ മലപ്പുറത്തെ മഴക്കെടുതി മേഖലകൾ സന്ദർശിക്കാൻ നടത്തിയ ചാർട്ടേഡ് വിമാനയാത്രയുടെ ചെലവ് സംബന്ധിച്ച ഇൻവോയ്സ് വിവരങ്ങൾ പുറത്ത്. യാത്രയ്ക്കായി ₹19,88,595 ചെലവായതായി രേഖയിൽ പറയുന്നു. ഈ തുക ചിപ്സൺ ഏവിയേഷനാണ് കേളചന്ദ്ര ഏവിയേഷനു നൽകിയതെന്നാണ് റിപ്പോർട്ടുകൾ.
ഇതിൽ ₹16,85,250 വിമാന വാടകയും ₹3,03,345 ജിഎസ്ടിയുമാണ്. കർണാടക കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ.ജെ. ജോർജിൻ്റെ കുടുംബവുമായി ബന്ധമുള്ള കേളചന്ദ്ര ഏവിയേഷൻ്റെ വിമാനമാണ് യാത്രയ്ക്കായി ഉപയോഗിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
സെപ്റ്റംബർ 21ന് മലപ്പുറത്തെ മഴക്കെടുതി വിലയിരുത്താനായിരുന്നു വി.ഡി. സതീശൻ്റെ യാത്ര. വിമാനം ജിൻഡാൽ വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ച് പിന്നീട് മുഖ്യമന്ത്രിയുമായി കോഴിക്കോട് പോയി തിരിച്ചെത്തിയതായാണ് റിപ്പോർട്ട്. ഏകദേശം ഒമ്പത് മണിക്കൂറോളം വിമാനം യാത്രയ്ക്കായി ഉപയോഗിച്ചതായും വിവരമുണ്ട്.
യാത്രയ്ക്ക് സംസ്ഥാന സർക്കാരിന് ചെലവൊന്നും ഉണ്ടായിട്ടില്ലെന്നും പരിചയക്കാരനായ ഒരാളാണ് വിമാനം ഏർപ്പെടുത്തിയതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നേരത്തെയുള്ള വിശദീകരണം. പുതിയ ഇൻവോയ്സ് വിവരങ്ങൾ പുറത്തുവന്നതോടെ യാത്രയുടെ ചെലവ് വഹിച്ചത് ആരാണെന്നതിനെച്ചൊല്ലിയുള്ള ചർച്ച വീണ്ടും ശക്തമായി.
അതേസമയം, സംസ്ഥാന സർക്കാരിൻ്റെ ഹെലികോപ്റ്റർ കരാർ നേരത്തെ ചിപ്സൺ ഏവിയേഷനായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ആ കരാർ സെപ്റ്റംബർ 19ന് അവസാനിച്ചതിന് പിന്നാലെ പുതിയ കരാറിനായി കമ്പനി ശ്രമിക്കുന്ന സാഹചര്യത്തിലാണ് വിമാനയാത്രയുടെ ചെലവ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.