ഉത്തരകാശിയിലുണ്ടായ മിന്നൽ പ്രളയത്തിൽ മലയാളികളെയും കാണാതായതായി റിപ്പോർട്ട്. വിനോദയാത്രക്ക് ഉത്തരാഖണ്ഡിലേക്ക് പോയ 28 പേരടങ്ങുന്ന സംഘമാണ് കുടുങ്ങിയത്. കേരളത്തിൽ നിന്നുള്ളവരാണ് ഇതിൽ 8 പേർ. മറ്റുള്ളവർ മുംബൈ മലയാളികളാണ്. തിരുവനന്തപുരം, കൊച്ചി, കായംകുളം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുൾപ്പെട്ടതെന്നാണ് റിപ്പോർട്ട്.
കൊച്ചി തൃപ്പൂണിത്തുറയിൽ നിന്നും ടൂർ പാക്കേജിന്റെ ഭാഗമായി പോയ നാരായണൻ നായർ, ഭാര്യ ശ്രീദേവിപിള്ള എന്നിവരും സംഘത്തിലുണ്ട്. അപകടത്തിനു ശേഷം ഇവരെ ബന്ധപ്പെടാനാവുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഇവർ ഹരിദ്വാറിൽ നിന്ന് ഗംഗോത്രിയിലേക്ക് പോകുകയായിരുന്നു.
എല്ലാവരുടെയും ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. ഡൽഹിയിൽ നിന്ന് യാത്രാസംഘം ഹരിദ്വാറിലെത്തി അവിടെ നിന്നാണ് ഗംഗോത്രിയിലേക്കു യാത്ര തിരിച്ചത്. ചൊവ്വാഴ്ച രാവിലെ ഗംഗോത്രിയിലേക്കു പോകുന്നു എന്നാണ് അറിയിച്ചിരുന്നത്.