നടി ശ്വേതാ മേനോനെതിരെ അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ഐടി നിയമത്തിലെ 67 (a) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു. അനാശാസ്യ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്.
പൊലീസ് എറണാകുളം സിജെഎം കോടതി നിർദ്ദേശപ്രകാരാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നാണ് വിവരം. പരാതി നൽകിയത് പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയാണ്. നേരത്തെ ശ്വേതാ മേനോൻ അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം അശ്ലീല രംഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
സെൻസർ ചെയ്ത് ഇറങ്ങിയ പാലേരി മാണിക്യം, രതിനിർവേദം, ശ്വേത നേരത്തെ അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യം, പ്രസവം ചിത്രീകരിച്ച കളിമണ്ണ് എന്നിങ്ങനെയുള്ള സിനിമയുടെ നീണ്ടനിരയാണ് പരാതിയിൽ ഉള്ളത്. ശ്വേതാ മേനോൻ മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. ഇങ്ങനെയൊരു കേസ് ഈ സമയത്ത് പുറത്തുവന്നതിൽ ദുരൂഹതയുണ്ടെന്ന സംശയവും പുറത്തു വരുന്നു. വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രത്തിൽ പരാതി ഉയർന്നെന്ന് പരിശോധിക്കേണ്ടിവരും.