174 യാത്രക്കാരുമായി പറന്ന ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിൻ്റെ ആക്രമണം ചെറുത്ത് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎസ് ജനപ്രതിനിധിസഭ ആദരിച്ചു. ന്യൂജഴ്‌സിയിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ജോഷ് ഗോട്ട്ഹൈമർ ആണ് മച്ചാറിൻ്റെ ധീരതയെ അഭിനന്ദിച്ചുള്ള പ്രമേയം സഭയിൽ അവതരിപ്പിച്ചത്.

വിമാനയാത്രയ്ക്കിടെ സഹപൈലറ്റ് കോക് പിറ്റിൽ സ്മിത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റിട്ടും നിയന്ത്രണം വീണ്ടെടുക്കാനും കോക്പിറ്റ് വാതിൽ തുറക്കാനും മച്ചാറിന് കഴിഞ്ഞു. തുടർന്ന് മറ്റ് പൈലറ്റുമാരും ജീവനക്കാരും യാത്രക്കാരും ചേർന്ന് ആക്രമിയെ കീഴടക്കുകയായിരുന്നു.

തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തി. സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരുടെയും ജീവൻ രക്ഷിക്കാനായതിൽ മച്ചാർ വഹിച്ച പങ്കാണ് യുഎസ് ജനപ്രതിനിധിസഭയുടെ പ്രമേയത്തിൽ പ്രത്യേകം പരാമർശിച്ചത്.

കോക്പിറ്റ് സുരക്ഷ ഉറപ്പാക്കുന്നതിൽ സഹായിച്ച മറ്റ് പൈലറ്റുമാർ, ക്യാബിൻ ക്രൂ അംഗങ്ങൾ, യാത്രക്കാർ എന്നിവരുടെ ഇടപെടലിനെയും പ്രമേയം അഭിനന്ദിച്ചു. സംഭവത്തെ തുടർന്ന് വിമാനസുരക്ഷ സംബന്ധിച്ച് വിവിധ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റിട്ടും ആക്രമണത്തെ ചെറുത്ത് യാത്രക്കാരെയും ജീവനക്കാരെയും രക്ഷിക്കാൻ മച്ചാർ നടത്തിയ ഇടപെടലാണ് ലോകശ്രദ്ധ നേടിയത്.

Related Posts