സ്വർണ്ണമെന്ന് കരുതി യാത്രക്കാരിയുടെ മുക്കുപണ്ടം മാലപൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടിയ യുപി സ്വദേശി അറസ്റ്റിൽ. കോഴിക്കോട് റെയിൽവെ പോലീസാണ് പിടികൂടിയത്. ഉത്തർപ്രദേശ് ഷഹരൻപുർ സ്വദേശി ഷഹജാസ് മുഹമദ് (28) ആണ് അറസ്റ്റിലായത്. ട്രെയിനിൽ നിന്ന് ചാടി പരിക്കേറ്റ യുവാവ് അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കോയമ്പത്തൂർ ഇന്റർസിറ്റി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ വിടുന്ന സമയത്താണ് മാലപൊട്ടിച്ച് പ്രതി ട്രെയിനിൽ നിന്നും പുറത്തേക്കു ചാടിയത്.
പ്രതിക്ക് പരിക്കുപറ്റാൻ സാധ്യതയുണ്ട് എന്നു മനസിലാക്കിയ റെയിൽവേ പോലീസും ആർപിഎഫും സമീപത്തെ ആശുപത്രിയിൽ പരിശോധന നടത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ തെങ്ങിൽ നിന്ന് വീണതാണെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി പ്രതിയുടെ പേരിൽ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.