ബാംഗ്ലൂർ ഗിരിനഗറിൽ കവർച്ചാ ശ്രമത്തിനിടെ സ്ത്രീയുടെ വിരലുകൾ വെട്ടിമാറ്റിയ സംഭവത്തിൽ രണ്ട് പേരെ ഗിരിനഗർ പോലീസ് അറസ്റ്റ് ചെയ്തു. പ്രവീൺ, യോഗാനന്ദ എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബർ 13-നായിരുന്നു കേസിനാസ്പദമായ സംഭവം.
ഗണേശോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഉഷ, വരലക്ഷ്മി എന്നീ രണ്ട് സ്ത്രികളെയാണ് മോഷ്ടാക്കൾ ആക്രമിച്ചത്. ബൈക്കിൽ എത്തിയ സംഘം ഈ സ്ത്രീകളെ ഭീഷണിപ്പെടുത്തി സ്വർണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഉഷ തൻ്റെ സ്വർണമാല ഊരി നൽകിയെങ്കിലും വരലക്ഷ്മി സ്വർണം നൽകാൻ തയ്യാറായില്ല. തുടർന്ന്, വരലക്ഷ്മിയെ വടിവാൾ കൊണ്ട് ആക്രമിച്ച യോഗാനന്ദ, ഇവരുടെ രണ്ട് വിരലുകൾ വെട്ടിമാറ്റികയായിരുന്നു. ശേഷം ഏഴ് പവൻ്റെ സ്വർണവും കവർന്ന് രക്ഷപ്പെടുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതികൾ പിടിയിലായത്.