വിജയപുര ജില്ലയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു. രാംപൂർ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ഗുണ്ട യൂനുസ് പട്ടേലാണ് (35) വെടിയേറ്റുമരിച്ചത്. പിടികൂടാൻ ശ്രമിക്കുമ്പോൾ ആക്രമിച്ചു രക്ഷപ്പെടാൻ മുതിർന്ന യൂനുസിനുനേരേ പോലീസ് ഇൻസ്പെക്ടർ പ്രദീപ് തലക്കേരി നിറയൊഴിക്കുകയായിരുന്നു.
യൂനുസ് കഴിഞ്ഞദിവസം കത്തികാട്ടി ഭീഷണിപ്പെടുത്തി ഒരാളിൽനിന്ന് 25,000 രൂപ കവർന്നിരുന്നു. ഈ സംഭവത്തിൽ കേസെടുത്ത ഗാന്ധി ചൗക്ക് പോലീസ് ഇയാൾക്കായി തിരച്ചിൽ നടത്തുകയായിരുന്നു. ഇരുചക്രവാഹനത്തിൽ സ്വന്തംസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് പോലീസ് സംഘം തടഞ്ഞത്. അതോടെ രണ്ട് കോൺസ്റ്റബിൾമാരെയും ഇൻസ്പെക്ടറെയും ആക്രമിച്ച് യൂനുസ് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.