ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾ വനിതാ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി ട്രംപ്. ഇതുമായി ബന്ധപ്പെട്ട എക്‌സിക്യുട്ടീവ് ഉത്തരവില്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. യൂണിവേഴ്‌സിറ്റികള്‍, ഹൈസ്‌കൂള്‍, എന്നിവിടങ്ങളിലെ കായികമത്സരങ്ങളെയാണ് പ്രധാനമായും ഉത്തരവ് ബാധിക്കുക. ‘‘വനിതാ അത്‌ലീറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ ഞങ്ങൾ സംരക്ഷിക്കും. ഞങ്ങളുടെ പെൺകുട്ടികളെയും ഞങ്ങളുടെ സ്ത്രീകളെയും പരുക്കേൽപ്പിക്കാനും തല്ലാനും വഞ്ചിക്കാനും പുരുഷന്മാരെ അനുവദിക്കില്ല. ഇനി മുതൽ വനിതാ കായിക വിനോദങ്ങൾ സ്ത്രീകൾക്ക് മാത്രമായിരിക്കും’’ ട്രംപ് പറഞ്ഞു. ഉത്തരവ് പ്രകാരം വനിതാ ടീമുകളില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ ഉള്‍പ്പെടുത്തുന്ന സ്‌കൂളുകള്‍ക്കുള്ള ഫണ്ടുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിഷേധിക്കാം. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കായികമേഖലകളില്‍ ന്യായമായ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന വിദ്യാഭ്യാസ പരിപാടികളിലേക്കുള്ള ഫണ്ട് റദ്ദാക്കുകയെന്നത് യു.എസ്സിൻ്റെ നയമാണ്. ഇത്തരത്തില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് സ്ത്രീകളെയും പെണ്‍കുട്ടികളെയും നിശബ്ദരാക്കുകയും അവരുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Related Posts