മെട്രോയുടെ പിങ്ക് ലൈനിലെ 13.76 കിലോമീറ്റർ ദൈർഘ്യമുള്ള ഭൂഗർഭ പാതയിൽ ട്രയൽ റൺ ഉടൻ ആരംഭിച്ചേക്കും. കമ്മീഷണർ ഓഫ് മെട്രോ റെയിൽവേ സേഫ്റ്റിയുടെ (CMRS) അനുമതി ലഭിക്കുന്നതോടെ പരീക്ഷണയോട്ടം തുടങ്ങാൻ തയ്യാറാണെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) അറിയിച്ചു. പിങ്ക് ലൈനിൻ്റെ എലിവേറ്റഡ് പാത പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് ഭൂഗർഭ പാതയിലെ പരീക്ഷണയോട്ടത്തിനുള്ള നടപടികൾ പുരോഗമിക്കുന്നത്.
എലിവേറ്റഡ് പാതയുടെ അവസാന സ്റ്റേഷനായ എസ്.ജി.പാളയയിലെ ബഫർ ബാരിയർ നീക്കം ചെയ്യുന്നതിനുള്ള മൈനർ സാങ്ക്ഷനായി CMRS-ന് അപേക്ഷ നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഉടൻ ട്രയൽ റൺ ആരംഭിക്കുമെന്ന് BMRCL മാനേജിങ് ഡയറക്ടർ പി.സി. ജാഫർ അറിയിച്ചു. ശിവാജിനഗർ സ്റ്റേഷൻ വരെ പരീക്ഷണയോട്ടം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി.
ഡയറി സർക്കിൾ മുതൽ നാഗവാര വരെയാണ് പിങ്ക് ലൈനിൻ്റെ ഭൂഗർഭ പാത. ആകെ 12 സ്റ്റേഷനുകളാണ് ഈ ഭാഗത്തുള്ളത്. എം.ജി.റോഡ്, ശിവാജിനഗർ, കന്റോൺമെന്റ് തുടങ്ങിയ പ്രധാന സ്റ്റേഷനുകളും ഇതിൽ ഉൾപ്പെടുന്നു. എസ്.ജി. പാല്യയിൽനിന്ന് തുരങ്കത്തിലേക്ക് പ്രവേശിച്ച് ശിവാജിനഗർ ഭാഗത്തേക്കായിരിക്കും ആദ്യഘട്ട പരീക്ഷണയോട്ടം നടത്തുക.
ഭൂഗർഭ പാതയിലെ 12 സ്റ്റേഷനുകളിൽ 10 സ്റ്റേഷനുകളിലേക്കുള്ള പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകളുടെ സാമഗ്രികൾ അയച്ചുകഴിഞ്ഞു. ഇതിൽ മൂന്ന് സ്റ്റേഷനുകളിൽ ഗ്ലാസ് പാനലുകൾ സ്ഥാപിക്കുന്ന ജോലി മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. ഭൂഗർഭ പാതയിലെ നിർമാണവും സുരക്ഷാ സംവിധാനങ്ങളും പൂർത്തിയാക്കി 2027 മേയിൽ സർവീസ് ആരംഭിക്കാനാണ് BMRCL ലക്ഷ്യമിടുന്നത്.