കോഴിക്കോട് താമരശേരി ചുരത്തിൻ്റെ രണ്ടാം വളവിൽ മരം വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. ചുരത്തിൻ്റെ രണ്ടാം വളവിലെ വലിയൊരു മരത്തിൻ്റെ കൊമ്പൊടിഞ്ഞു വീണത് മറ്റൊരു മരത്തിൻ്റെ കൊമ്പിലേക്കാണ്. ഈ രണ്ട് മരവും ഒടിഞ്ഞ് റോഡിലേക്ക് വീണതാണ് ഗതാഗതം തടസപ്പെടാൻ കാരണമായത്. ഫയർഫോഴ്സ് എത്തി മരത്തിൻ്റെ ചില്ലകൾ വെട്ടിമാറ്റുകയാണ്. ഉടൻ തന്നെ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
താമരശേരി ചുരത്തിൽ അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിൻ്റെ സമരം അടിവാരത്ത് നടക്കുകയാണ്. താമരശേരി ചുരം വഴിയുള്ള യാത്രയുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സജീവ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് ഇന്നും ഗതാഗതം തടസപ്പെട്ടത്.